ക്ഷീര കര്‍ഷകരും ഇനി തൊഴിലുറപ്പിൽ; ചരിത്രം കുറിച്ച് മുക്കം നഗരസഭ

രാജ്യത്ത് ആദ്യമായി കോഴിക്കോട് മുക്കം നഗരസഭയില്‍ ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. നഗരസഭാ പരിധിയില്‍ പ്രതിദിനം പതിനായിരം ലീറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുയാണ് ലക്ഷ്യം. 

രണ്ട് പശുക്കളെ വളര്‍ത്തി ദിവസവും പത്ത് ലീറ്റര്‍ പാല്‍ കറന്നെടുക്കണം. ഇതാണ് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ദിനമായി കണക്കാക്കാനുള്ള ഏക മാനദണ്ഡം. പശുവിനെ വാങ്ങാനായി നാലുശതമാനം പലിശയ്ക്ക് രണ്ടുലക്ഷം രൂപാവരെ വായ്പയെടുക്കാന്‍ സഹായിക്കും. 20 ഹൈടെക്ക് ആലകളാണ് നിര്‍മിക്കുന്നത്. 

പശുക്കളുടെ എണ്ണം കൂടുന്നതോടെ തീറ്റപുല്ല് ക്ഷാമം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട നഗരസഭ അതിനും പരിഹാരം കണ്ടെത്തി. പത്ത് ഹെക്ടറില്‍ പുല്‍കൃഷിയും ആരംഭിക്കും. ഇതിന് പുറമെ 300 അസോള കുളങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഇതില്‍നിന്നെല്ലാം തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീരകര്‍ഷകര്‍ക്കായി തൊഴില്‍ദിനം ലഭിക്കുമെന്നാണ് പ്രതീക്ഷ.