എച്ച്1 എൻ1 സ്ഥിരീകരിച്ചു; മുക്കം നഗരസഭയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

എച്ച് 1 എൻ 1 സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്‌ധ സംഘം ആനയംകുന്ന് ഹയർസെക്കൻഡറി സ്‌കൂളിൽ എത്തി പരിശോധന നടത്തി. മുക്കം നഗരസഭയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും രണ്ടുദിവസം അവധി പ്രഖ്യാപിച്ചു.  മെഡിക്കൽ ക്യാംപുകൾ തുടങ്ങുന്നത് വൈകിയതിനെ തുടർന്ന് നാട്ടുകാരും ആരോഗ്യപ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. 

കാരശേരി പഞ്ചായത്തിലെ മുഴുവൻ വീടുകളും കയറിയിറങ്ങി ബോധവൽക്കരണം നടത്തുന്നതിനൊപ്പം അസുഖം ബാധിച്ചവരുടെ കണക്കെടുപ്പും നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഏഴിടങ്ങളിൽ മെഡിക്കൽ ക്യാംപുകൾ തുടരുകയാണ്. 

ക്യാംപിൽ എത്തിയ രോഗികൾക്ക് ചികിത്സ വൈകിയെന്ന് ആരോപിച്ച 

നാട്ടുകാരിൽ ഒരു വിഭാഗം, പ്രകോപിതരായി. 

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 201 വിദ്യാർഥികൾക്കും 15 അധ്യാപകർക്കുമാണ് പനി ബാധിച്ചത്. ഇതിൽ അഞ്ചു പേർക്കാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണങ്ങൾ ആയതിനാൽ മറ്റുള്ളവർക്കും എച്ച് 1 എൻ 1 തന്നെയാകാം എന്ന നിഗമനത്തിൽ ആണ് ചികിത്സ നൽകുന്നത്.