മാലിന്യസംസ്കരണ യൂണിറ്റില്ലാത്ത പഞ്ചായത്ത്; കച്ചവടക്കാർ മാലിന്യം സംസ്കരിക്കുന്നത് വീടുകളിൽ

കോളറ പടര്‍ന്നു പിടിച്ച നഗരമായിട്ടും കുറ്റിപ്പുറം പഞ്ചായത്തിന് സ്വന്തമായൊരു മാലിന്യ സംസ്കരണ യൂണിറ്റില്ല.കച്ചവടക്കാര്‍ വീടുകളില്‍ കൊണ്ടുപോയാണ് മാലിന്യങ്ങള്‍ സംസ്കരിക്കുന്നത് 

2016 ലാണ് കുറ്റിപ്പുറത്ത് കോളറ റിപ്പോര്‍ട്ട് ചെയ്തത്.അന്ന്  ആരോഗ്യമന്ത്രി കെ.കെ.ശൈലജ വിളിച്ച യോഗത്തില്‍ മാലിന്യസംസ്കരണയൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച നടത്തിയത്.തുടര്‍ന്നിങ്ങോട്ട്  2 വര്‍ഷം കഴിഞ്ഞിട്ടും കുറ്റിപ്പുറം പഞ്ചായത്തിന് സ്വന്തമായൊരു മാലിന്യസംസ്കരണ പദ്ധതിയില്ല.

കച്ചവടക്കാര്‍ ഖരമാലിന്യങ്ങള്‍ വലിയ ചാക്കുകളിലാക്കി വീട്ടില്‍ കൊണ്ടു പോയി സംസ്കരിക്കുകയാണിപ്പോള്‍. ക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പടെ റോഡില്‍ തള്ളരുതെന്നാണ് പഞ്ചായത്ത് കച്ചവടക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം .പകരം ബദല്‍മാര്‍ഗം നിര്‍ദേശിച്ചിട്ടുമില്ല മാലിന്യ സംസ്കരണ പദ്ധതി ഇല്ലാത്തതിനാല്‍ മാലിന്യങ്ങള്‍ തള്ളാനുള്ള സ്ഥലമായി ഭാരതപ്പുഴ മാറി.മഴവെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടാനുള്ള കാന വഴി പുഴയിലേക്ക് ഇപ്പോള്‍ എത്തുന്നത് മലിനജലമാണ്