തോല്‍പ്പാവക്കൂത്തുമായി ഹൃദയം കവർന്ന് ഒരുപറ്റം കലാകാരന്മാര്‍

പാരമ്പര്യ കലാരൂപങ്ങളെ ജനകീയമാക്കാന്‍ തോല്‍പ്പാവക്കൂത്തുമായി ഒരുപറ്റം കലാകാരന്മാര്‍. കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്സ് കോളജിലെ ഋതം സാംസ്കാരിക വേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കൈമുദ്ര കാട്ടിയും കണ്ണും കഴുത്തും വിരലുകളും ചലിപ്പിച്ചും പാവകള്‍  നിഴല്‍ നാടകം ആടുകയാണ്. അങ്ങനെ ക്ഷേത്രമുറ്റത്തുമാത്രം ഒതുങ്ങിനിന്ന കലാരൂപം വേദികളില്‍നിന്ന് വേദികളിലേക്കെത്തി. ഇരുട്ടും വെളിച്ചവും മാറിമറിയുന്നു. മനുഷ്യകരങ്ങള്‍ കൊണ്ട് നിര്‍ജീവമായ പാവകള്‍ ചലിക്കുവാന്‍ തുടങ്ങി

തിരശീലയ്ക്കുപിന്നിലെ വെളിച്ചത്തിലിരുന്ന് കലാകാരന്മാര്‍ പാവയെ ചലിപ്പിക്കും. അങ്ങനെ സീതാകല്യാണവും , ഗണപതിവന്ദനവും, ബാലി സുഗ്രീവ യുദ്ധയവും ജഡായുമോക്ഷവുമൊക്കെ നിഴലാട്ടങ്ങളാകുന്നു. പ്രശസ്ത പാവക്കൂത്ത് കലാകാരന്‍  രാമചന്ദ്രന്‍ പുലവറും സംഘവുമാണ് വേദിയില്‍ പാവകൂത്ത് അവതരിപ്പിച്ചത്. സ്പിക് മാക്കെ നോര്‍ത്ത് കേരള ചാപ്റ്ററാണ് കലകളെ പ്രോല്‍സാഹിപ്പിക്കാനായി കോളജുകള്‍ കേന്ദ്രീകരിച്ച് പരിപാടി ഒരുക്കിയത്.