കുളം നികത്താനുള്ള നീക്കം വിവാദത്തിൽ; പ്രതിഷേധിച്ച് നാട്ടുകാർ

പാലക്കാട് കുന്നത്തൂര്‍മേട്ടിലെ പാറക്കുളം നികത്താനുളള നീക്കം വിവാദമാകുന്നു. പത്തു വര്‍ഷം മുന്‍പ് റവന്യൂ ഉദ്യോഗസ്ഥര്‍ രേഖകള്‍ തിരുത്തിയെന്നും കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ അന്വേഷണമില്ലെന്നുമാണ് ആക്ഷേപം. കുളം നികത്താന്‍ കോടതി ഉത്തരവ് ഉണ്ടെങ്കിലും കുളം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ നിലപാട്. 

പാലക്കാട് മൂന്ന് വില്ലേജിലുൾപ്പെട്ടതും നഗരസഭയുടെ 22 ാംവാർഡിലുള്ളതുമായ കുന്നത്തൂര്‍മേട്് പ്രധാനറോഡരികിലാണ് പാറക്കുളം. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുളള കാടുമൂടിക്കിടക്കുന്ന പാറക്കുളം ‌2008 ല്‍ ഗാര്‍ഡന്‍ ലാന്‍‍ഡ‍് എന്ന് തരംമാറ്റി ആര്‍ഡിഒ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം സ്ഥലം ഉടമയ്ക്ക് കുളം നികത്തിയെടുക്കാന്‍ കഴിയുന്ന സ്ഥിതിയായി. ആർ.ഡി.ഒ യുടെ എ 2143/2008 നമ്പർ പ്രകാരമുളള ഉത്തരവ് പുനപരിശോധിക്കണമെന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വില്ലേജ് ഒാഫീസര്‍ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ലാന്റ് റവന്യൂ കമ്മിഷണറും കലക്ടറോട് റിപ്പോര്‍ട്ട് തേടിയെങ്കിലും കലക്ട്രേറ്റില്‍ നിന്ന് ഇതുവരെയും അന്വേഷണം നടന്നിട്ടില്ല. 

നിലവിലുളള രേഖകളുടെ പിന്‍ബലത്തില്‍ സ്ഥലം ഉടമയ്ക്ക് കുളം നികത്താന്‍ ഹൈക്കോടതി ഉത്തരവുണ്ട്. പക്ഷേ രേഖകളുടെ തിരുത്തലിനെക്കുറിച്ചുളള പരാതി ഗൗരവമുളളതാണ്. കലക്ടറുടെ വിശദമായ അന്വേഷണമാണ് നാട്ടുകാരും പരിസ്ഥിതിപ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.