ആഘോഷം രാജ്യന്തര തലത്തിൽ; കണ്ണൂർ വിമാനത്താവളം ഉദ്ഘാടനത്തിന് ഒരുങ്ങി

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിനു സമീപം നട്ടുപിടിപ്പിച്ച പൂച്ചെടികൾ.

കണ്ണൂർ രാജ്യന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം രാജ്യാന്തര നിലവാരത്തിൽ ആഘോഷിക്കാൻ തീരുമാനം. ഡിസംബർ ഒൻപതിന് പത്ത് മണിക്ക് അബുദാബിയിലേക്കുള്ള ഏയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്താണ് ഉദ്ഘാടനം നിർവഹിക്കുന്നത്.    

തനത് കലാരൂപങ്ങളും വിളബംര ജാഥയും ഉൾപ്പടെ വലിയ ആഘോഷ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി മുഖ്യ അതിഥിയാകും. വിമാനത്താവള പരിസരത്ത് കൂറ്റൻ പന്തൽ നിർമിക്കും. ഒരുലക്ഷം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മട്ടന്നൂർ ടൗണിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല.

ഉദ്ഘാടന ദിവസം അബുദാബിയിലേക്കും തിരിച്ച് കണ്ണൂരിലേക്കും രാത്രി ഒൻപതിന് റിയാദിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. പിന്നീടുള്ള ദിവസങ്ങളിൽ ഷാർജ, മസ്കറ്റ്, ദോഹ, ദുബായ് എന്നിവടങ്ങളിലേക്കും സർവീസുണ്ടാകും.