സ്കൂളിന് സമീപം മാലിന്യം തള്ളുന്നു; പ്രതിഷേധവുമായി നാട്ടുകാർ

വയനാട് പൊഴുതന അച്ചൂരിലെ മാലിന്യംതള്ളല്‍ കേന്ദ്രം നാട്ടുകാര്‍ക്ക് ആരോഗ്യ–പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നു. ഇരുപത് സെന്റ് സ്ഥലത്താണ് ടണ്‍ കണക്കിന് മാലിന്യങ്ങള്‍ തള്ളുന്നത്. ഗേറ്റ് തകര്‍ത്താണ് പലരും മാലിന്യങ്ങള്‍ തള്ളുന്നത്. പൊഴുതന പഞ്ചായത്തിന് മാലിന്യനിക്ഷേപത്തിന് പ്രത്യേകസ്ഥലമില്ല. തേയില എസ്റ്റേറ്റ് അച്ചൂരിന് സമീപം നല്‍കിയ ഇരുപത് സെന്റ് സ്ഥലമാണ് ഉപയോഗപ്പെടുത്തുന്നത്. 

മാലിന്യം റോഡിലേക്കെത്താതിരിക്കാനും അനധികൃത നിക്ഷേപം തടയാനും ഗേറ്റ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗേറ്റ് തകര്‍ത്താണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.

പഞ്ചായത്ത് പരിധിക്ക് പുറത്തുനിന്നുള്ളവരും മാലിന്യങ്ങള്‍ ഇവിടെയത്തിക്കുന്നു. സമീപത്ത് തന്നെ സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തുള്ള തോട് വഴി അച്ചൂര്‍ പുഴയിലേക്കും മാലിന്യം ഒഴുകിയെത്തുന്നു. കുളിക്കാന്‍ ഉപയോഗപ്പെടുത്തുന്ന പുഴയാണിത്. പലവട്ടം പരാതിപറഞ്ഞിട്ടും കാര്യമുണ്ടായിട്ടില്ല. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. വിനോദസഞ്ചാരികള്‍ പോകുന്ന വഴികൂടിയാണിത്.