മരച്ചില്ലകൾ മുറിച്ചു മാറ്റിയപ്പോൾ ചത്തുവീണത് നൂറുക്കണക്കിന് പക്ഷിക്കുഞ്ഞുങ്ങൾ: പ്രതിഷേധം

മലപ്പുറം ചങ്ങരംകുളം ആലംങ്കോട് വില്ലേജ് ഒാഫിസ് പരിസരത്തെ  മരച്ചില്ലകള്‍ മുറിച്ചുമാറ്റിയപ്പോള്‍ പക്ഷിക്കുഞ്ഞുങ്ങള്‍ വീണ് ചത്തതില്‍ പ്രതിഷേധം ശക്തമാവുന്നു.മരം മുറിക്കാന്‍ നിര്‍ദേശം നല്‍കിയ ആലംങ്കോട് വില്ലേജ് ഒാഫിസര്‍ക്കെതിരെ വനം വകുപ്പ് ഇന്നലെ കേസെടുത്തിരുന്നു.നൂറുകണക്കിന് നീര്‍കാക്കകളും കൊറ്റികളുമാണ് പിടഞ്ഞുവീണത്.

ആലംങ്കോട് വില്ലേജോഫിസിലെത്തുന്നവരുടേയും വഴിയാത്രക്കാരുടേയും ശരീരത്തില്‍ പക്ഷികളുടെ കാഷ്ഠം വീഴുന്നു എന്ന പരാതിയെ തുടര്‍ന്നാണ് മരച്ചില്ലകള്‍ മുറിച്ചുമാറ്റിയത്.നൂറുകണക്കിന് നീര്‍കാക്കകളുടേയും കൊറ്റികളുടേയും ആവാസ കേന്ദ്രമായിരുന്നു .. ഇതു മുറിച്ചുമാറ്റിയപ്പോള്‍ കൂടു തകര്‍ന്നു 

നിരവധി പക്ഷികുഞ്ഞുങ്ങള്‍ നിലത്തുവീണു ചത്തു.ആലംങ്കോട് വില്ലേജ് ഒാഫിസര്‍ പി.പങ്കജത്തിന്റ  നിര്‍ദേശപ്രകാരമായിരുന്നു ചില്ലകള്‍ മുറിച്ചത്..പരിസ്ഥിതി പ്രവര്‍ത്തകരുടെ  പ്രതിഷേധത്തെ തുടര്‍ന്നാണ് വനം വകുപ്പ് കേസെടുത്തത്.വനം വന്യജീവി സംരക്ഷണ നിയമപ്രകാരമാണ്  കേസ് .വന്യജീവികളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കല്‍, വേട്ടയാടല്‍ തുടങ്ങിയ വകുപ്പുകളാണ് വില്ലേജ് ഒാഫിസര്‍ക്കെതിരെ ചുമത്തിയത്.സംഭവ സ്ഥലത്തുനിന്നും ജീവനോടെ കണ്ടെത്തിയ 75 പക്ഷികുഞ്ഞുങ്ങളെ  നാളെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റും.