അട്ടപ്പാടിയിൽ കാട്ടാനശല്യം രൂക്ഷം;വ്യാപക കൃഷിനാശം

അട്ടപ്പാടിയിൽ കാട്ടാനശല്യം രൂക്ഷമായി. ആദിവാസി ഊരുകളിലും കൃഷിയിടങ്ങളിലും വ്യാപക നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. കാട്ടാനകളെ തുരത്താനുളള നടപടികൾ പുരോഗമിക്കുകയാണെന്നും വനംവകുപ്പിന്റെ മൂന്ന് ദ്രുതകർമ്മ സേന യൂണിറ്റുകളെ പാലക്കാട് ജില്ലയ്ക്ക് അനുവദിച്ചതായും വനംമന്ത്രി അറിയിച്ചു

കാലവർഷക്കെടുതിയും തകർന്ന റോഡുകളും മാത്രമല്ല കാട്ടാനശല്യവും അട്ടപ്പാടിയിലുള്ളവരെ വലയ്ക്കുന്നു. അട്ടപ്പാടിയിലെത്തിയ വനം മന്ത്രി കെ.രാജുവിനോടും നാട്ടുകാർ നേരിട്ടെത്തി പരാതി പറഞ്ഞു.

ഷോളയൂർ ദീപ്തി കോൺവെന്റിലെ സിസ്റ്റർ റിൻസിയുടെ പരാതി കാട്ടാനകളെക്കുറിച്ചും തകർന്ന റോഡിനെക്കുറിച്ചുമായിരുന്നു.  എല്ലാംകൊണ്ടും നിസഹായവസ്ഥയിലായ നാട്ടുകാർക്ക് ഇങ്ങനെ പരാതി പറയാനേ നിവൃത്തിയുള്ളു. ഷോളയൂർ, നെല്ലിപ്പതി, നീലിക്കുഴി എന്നീ പ്രദേശങ്ങളിലാണ് കാട്ടാനശല്യം  രൂക്ഷമായിരിക്കുന്നത്. സ്കൂളിൽ കുട്ടികളെ വിടാനാകുന്നില്ല. റേഷൻ കടകളും വീടുകളും തകർക്കുന്നു.

കാട്ടാനകൾക്ക് പിന്നാലെ വനംജീവനക്കാരുടെ സംഘമുണ്ടെങ്കിലും നാട്ടുകാരുടെ പ്രതിഷേധം മറികടക്കാൻ കഴിയുന്നില്ല. കാട്ടാനകളെ തുരത്തിയോടിക്കാൻ അട്ടപ്പാടിയിൽ ഉൾപ്പെടെ ജില്ലയിൽ മൂന്ന് ദ്രുതകർമ്മസേന യൂണിറ്റുകൾ അനുവദിച്ചതായി വനംമന്ത്രി കെ.രാജു അറിയിച്ചു.