വയനാട്ടിൽ കാലവർഷക്കെടുതി നേരിടാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

വയനാട്ടിൽ കാലവർഷക്കെടുതി നേരിടാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു. താമരശ്ശേരി ചുരം വഴിയുള്ള കെ എസ് ആർ ടി സി യുടെ സർവീസുകൾ കുറ്റിയാടി നിരവിൽപുഴ വഴിയാക്കി. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 1600 പേരാണ് ഇന്നലെ  എത്തിയത്. 

കേരളത്തെ കർണാടക തമിഴ്‌നാട് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ ഭാഗമായ താമരശ്ശേരി ചുരത്തിലെ അപകടാവസ്ഥ തുടരുകയാണ്. ഇതുവഴി വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയാത്തത് മറ്റു ജില്ലകളിലെ ജനങ്ങളെയും സാരമായി ബാധിച്ചു. ബെംഗളൂരു മൈസൂരു ഗൂഡല്ലൂർ തുടങ്ങിയ ഇടങ്ങളിലേക്കുള്ള കെ എസ് ആർ ടി സി ദീർഘദൂര സർവീസുകൾ കുറ്റിയാടി നിരവിൽപുഴ വഴിയാണ് പോകുന്നത്. കണ്ണൂർ മാക്കൂട്ടം വഴിയുള്ള സർവീസുകൾ മാനന്തവാടി കുട്ട റൂട്ടാണ് ഉപയോഗപ്പെടുത്തുന്നത്.

മഴക്കെടുതി നേരിടാനുള്ള പ്രവർത്തങ്ങൾ ജില്ലയിൽ തുടരുകയാണ്. ഇതുവരെ 21 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 1600 പേരെ മാറ്റിപ്പാർപ്പിച്ചു. കർണ്ണാടക ബീച്ചിനഹള്ളി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ആവശ്യപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം കബനി വഴി കർണാടകയിലേക്ക് ഒഴുകിപ്പോകാൻ ഇത് ഇടയാക്കും. ജില്ലയിൽ ഇപ്പോഴും പല വീടുകളിലും വെള്ളം നിറഞ്ഞു കിടക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക നഷ്ടവും സംഭവിച്ചു.