പാടം നികത്തി ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തിപ്പിച്ചിട്ടും നടപടിയില്ല

പാലക്കാട് തൃത്താല കോടനാട്ടില്‍ പാടംനികത്തി ടാര്‍ മിക്സിങ് പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചിട്ടും നടപടിയില്ല. സ്ഥാപനത്തിനെതിരെ റവന്യൂ റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

തൃത്താല പഞ്ചായത്തിലെ പതിനാറാം വാർഡായ കോടനാട്ടിലാണ് ഏക്കര്‍കണക്കിന് പാടം നികത്തി ടാര്‍ മിക്സിങ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നത്. നിയമലംഘനത്തിന് വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോയ്ക്ക് പുറമേ റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ജില്ലാ കലക്ടർക്ക് നേരത്തെ റിപ്പോർട്ട് കൈമാറിയിരുന്നു. വിഷയം നിയമസഭയില്‍ വിടി ബല്‍റാം എംഎല്‍എ ഉന്നയിച്ചതോടെ വീണ്ടും അന്വേഷണം നടത്താനാണ് റവന്യൂവിഭാഗത്തിന്റെ തീരുമാനം. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നും, എല്ലാ മാനദണ്ഡങ്ങളും സ്ഥാപനത്തിൽ പാലിച്ചിട്ടുണ്ടെന്നും കോടതി ഉത്തരവുണ്ടെന്നുമാണ് സ്ഥാപന ഉടമയുടെ വാദം.

ടാര്‍ മിക്സിങ് യൂണിറ്റിനെതിരെ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമോദേശം തേടുമെന്ന‌ാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതേസമയം സ്ഥാപനം തുടങ്ങുന്നതിന് കൃഷി, റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നതായും പരാതി വന്നപ്പോള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതെന്നും ആക്ഷേപമുണ്ട്.