കാട്ടുകൊമ്പന്മാരെ തളയ്ക്കാൻ റേഡിയോകോളർ വരുന്നു

വയനാട് വടക്കനാട് മേഖലയില്‍ ഭീതിവിതയ്ക്കുന്ന കാട്ടു കൊമ്പന്‍മാര്‍ക്ക് റേഡിയോ കോളര്‍ സംവിധാനം ഘടിപ്പിക്കാനുള്ള ശ്രമം തുടരുന്നു. പ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടില്ലെങ്കില്‍ ഈ മാസം പതിനേഴ് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

ബത്തേരി വടക്കനാട് നാലു കൊമ്പന്‍മാരാണ് സ്ഥിരം പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ അപകടകാരിയായ വടക്കനാട് കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനാണ് വനം വകുപ്പിന്റെ ശ്രമം. രണ്ട് ലക്ഷം രൂപയുള്ള റേഡിയോ കോളര്‍ കഴുത്തില്‍ ഘടിപ്പിച്ചാല്‍ ആന എവിടെയാണെന്ന് അറിഞ്ഞ് മുന്‍കരുതലുകളെടുക്കാന്‍ കഴിയും.

ഞായറാഴ്ച മുതല്‍ രണ്ട് കുങ്കിയാനകളുമായി വനം വകുപ്പ് ശ്രമം തുടങ്ങിയിരുന്നു. മുത്തങ്ങയില്‍ നിന്നാണ് കൊമ്പനാനകളെ മെരുക്കാനുള്ള കുങ്കിയാനകളെ എത്തിച്ചത്. അന്‍പതേക്കര്‍ വനമേഖലവയിലാണ് കൊമ്പന് വേണ്ടിയുള്ള തിരച്ചില്‍. ശ്രമം തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം.

വന്യമൃഗശല്യത്തിന് പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. വടക്കനാട് മേഖലയിലെ മൂന്നു വാര്‍ഡുകളെയാണ് കാട്ടാന പ്രശ്നം ബാധിച്ചത്. കഴിഞ്ഞ മാസം ഒരാളെ ആന കൊലപ്പെടുത്തിയിരുന്നു. വനം വകുപ്പ് ഒാഫീസ് ഉപരോധമുള്‍പ്പെടെ നിരവധി സമരങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ നടന്നത്.