രാസവസ്തുക്കൾ പുഴയിൽ തള്ളുന്നതായി പരാതി

വൈക്കം വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡിന്‍റെ മാലിന്യ പ്ലാന്റിൽ നിന്നും രാസവസ്തുക്കളും  ശുചിമുറി മാലിന്യവും പുഴയിൽ തള്ളുന്നതായി പരാതി. മൂവാറ്റുപുഴയാറില്‍ മാലിന്യങ്ങള്‍ നിറഞ്ഞതോടെ പ്രദേശം രോഗഭീതിയിലാണ്. നിരവധി കുടിവെള്ള പദ്ധതികളും മലിനീകരണ ഭീഷണി നേരിടുന്നു. 

വെള്ളൂർ പൈപ്പ് ലൈൻ ഭാഗത്ത് പൈപ്പിലൂടെയും തണ്ണിപ്പളളി കലുങ്കിനു സമീപം ഓട നിർമ്മിച്ചുമാണ്  HNL മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നത്. നിശ്ചിത അളവിലും, സമയത്തും മാത്രം പുറത്തുവിടണമെന്ന മാനദണ്ഡം പാലിക്കാതെയാണ് വൻതോതിൽ ഇങ്ങനെ മാലിന്യം ഒഴുക്കുന്നത്. പൈപ്പ് ലൈൻ ഭാഗത്ത് വലിയ പൈപ്പുകൾ പുഴയുടെ നടുക്ക് വരെ സ്ഥാപിച്ചാണ് മാലിന്യം തള്ളുന്നത്. മാലിന്യപൈപ്പുകളുടെ വാൽവ്  പൊട്ടിയൊലിച്ച് പരിസരത്തും പുഴയരുകിലും വ്യാപിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം ഒഴുകി പ്രദേശത്തെ പുല്‍നാമ്പുകള്‍ വരെ   കരിഞ്ഞ നിലയിലാണ്. വെള്ളൂർ, തലയോലപറമ്പ് ,മറവൻതുരുത്ത്, ചെമ്പ് എന്നീ പഞ്ചായത്തുകളിലൂടെയാണ് മൂവാറ്റുപുഴയാർ വേമ്പനാട്ടു കായലിൽ എത്തുന്നത്. പുഴയുടെ സമീപവാസികളടക്കം പതിനായിരങ്ങളാണ് ഇവിടുത്തെ വെള്ളം ഉപയോഗിക്കുന്നത്.  പുഴയിലെ ഉപയോഗിച്ചവര്‍ക്ക്  ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയ  ജനങ്ങൾ പരാതിയുമായി രംഗത്തെത്തിയത്. 

കാർഷികാവശ്യത്തിനും പുഴയിലെ വെള്ളം ഉപയോഗിക്കാനാവാതെ വരുന്നതോടെ ഏക്കറുകണക്കിനുള്ള കൃഷികളും ഉണങ്ങിത്തുടങ്ങി.  കുടിവെള്ള പദ്ധതി പ്രദേശത്തിന് താഴെയായിട്ടാണ് മാലിന്യപൈപ്പുകൾ  എന്നതിനാൽ വേലിയേറ്റ സമയത്ത് പമ്പിങ് നടത്തിയാൽ മലിനജലം കയറാൻ സാധ്യത ഏറെയാണ് .ഫാക്ടറിമാലിന്യം ശുദ്ധീകരിച്ച് മാനദണ്ഡം പാലിച്ചു മാത്രമെ ഒഴുക്കാവു എന്നത് വർഷങ്ങളായി പാലിക്കാത്തതാണ് മൂവാറ്റുപഴയുടെ നാശത്തിനു കാരണമായിരിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.