വന്യജീവി ആക്രമണം ചെറുക്കാൻ ബജറ്റ് വിഹിതം അപര്യാപ്തമെന്ന് ആക്ഷേപം

സംസ്ഥാന ബജറ്റില്‍ വനം- വന്യജീവിമേഖലയ്ക്ക് വിവിധ വിഭാഗങ്ങളിലായി 243 കോടി രൂപയാണ് മാറ്റിവെച്ചത്. ഇതില്‍ വന്യജീവി ആക്രമണം ചെറുക്കാനും നഷ്ടപരിഹാരം നല്‍കാനും വകയിരുത്തിയ തുക തീര്‍ത്തും അപര്യാപ്തമെന്നാണ് പരാതി. വയനാട് ജില്ല മാത്രം പരിശോധിച്ചാല്‍ ജീവഹാനി ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഒരോ വര്‍ഷവും സംഭവിക്കുന്നത്. വന്യ ജീവികളി ആക്രമണം പ്രതിരോധിക്കാനുള്ള പദ്ധതികള്‍ക്കായി കിഫ്ബിയില്‍ നിന്നും അനുവദിച്ച 100 കോടി രൂപ ഈ വര്‍ഷം ഉപയോഗിച്ച് തുടങ്ങുമെന്നാണ് വാഗ്ദാനം.

നഷ്ടപരിഹാരം നല്‍കുന്നതിനായി വെറും ഇരുപത് കോടി രൂപയാണ് മാറ്റിവെച്ചത്. എന്നാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം വയനാട്ടില്‍ മാത്രം സംഭവിക്കുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 42 പേരാണ് കൊല്ലപ്പെട്ടത്. ഇക്കാലയളവില്‍ കാര്‍ഷിക വിളനഷ്ടത്തിനുള്ള നഷ്ടപരിഹാരത്തിനായി 5500 അപേക്ഷകള്‍ ലഭിച്ചു. ഈ കണക്കുകള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തൊട്ടാകെ നഷ്ടപരിഹാരത്തിനായി മാറ്റിവെച്ച തുക വളരെ കുറവാണ്. വനാതിര്‍ത്തികള്‍ വേര്‍തിരിക്കുന്നതിന് 55 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്.

വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് താല്‍ക്കാലിക പരിഹാരമല്ലാതെ കൂടുതല്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ വേണമെന്നത് നേരത്തെയുള്ള ആവശ്യമാണ്. റെയില്‍ ഫെന്‍സിങ് സംവിധാനം ഒരുക്കുന്നതിന് തന്നെ ഒന്നരക്കിലോമീറ്ററിന് ഒമ്പത് കോടിയോളം ചിലവ് വരും. ആവാസമേഖലയെ സംരക്ഷിക്കാന്‍ കേന്ദ്രവിഹിതമടക്കം 90 കോടി രൂപയുണ്ട്. വനമേഖലയില്‍ മൃഗങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് നബാര്‍ഡില്‍ നിന്നും 50 കോടിരൂപ ലഭ്യമാക്കുമെന്നും വാഗ്ദാനമുണ്ട്.