എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും, കുടുംബാംഗങ്ങളും സമരരംഗത്തേക്ക്

സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിക്ഷേധിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും, കുടുംബാംഗങ്ങളും സമരരംഗത്തേയ്ക്ക്. ഈ മാസം മുപ്പതിന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സമരം. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സര്‍ക്കാര്‍ പാടെ അവഗണിക്കുകയാണെന്നാണ് സമരസമിതിയുടെ പ്രധാന ആരോപണം. ദുരിതബാധിതരുടെ പട്ടിക അട്ടിമറിക്കാനും ശ്രമം നടക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ലോബിയുമായുള്ള സര്‍ക്കാരിന്റെ ഒത്തുകളിയാണ് പുതുക്കിയ പട്ടികയില്‍ ദുരിതബാധിതരുടെ എണ്ണം കുറായിനിടയാക്കിയതെന്നും സമരസമിതി കുറ്റപ്പെടുത്തുന്നു. ദുരിതബാധിതരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കും. സമൂഹ്യപ്രവര്‍ത്തക ദയാബായി പരിപാടി ഉദ്ഘാടനം ചെയ്യും. 

ദുരിതബാധിതരുടെ പുനരധിവാസ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം, നിലവില്‍ ഗോഡൗണുകളില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നീക്കം ചെയ്യണം എന്നിവയും ആവശ്യങ്ങളുടെ പട്ടികയിലുണ്ട്. അതേസമയം ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ തേടി മനോരമ ന്യൂസ് നാട്ടുക്കൂട്ടം ഇന്ന് അമ്പലത്തറയില്‍ നടക്കും. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും, സമൂഹ്യപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും.