താനൂരിൽ നെല്ലുകൊയ്യാൻ തൊഴിലാളികളെ കിട്ടാതെ കർഷകർ

പാകമായ നെല്ല് കൊയ്തെടുക്കാൻ തൊഴിലാളികളെ കിട്ടാനില്ലാതെ കർഷകർ. മലപ്പുറം താനൂർ എടരിക്കോടാണ് നാല് ഏക്കറിലെ കൃഷി കൊയ്തെടുക്കാൻ ആളെ കിട്ടാത്തത്. 

വിളഞ്ഞു നിൽക്കുന്ന ഈ നെൽക്കതിരുകൾ നോക്കി നിൽക്കാനേ ഈ കർഷകർക്ക് കഴിയുകയുള്ളൂ. കൊയ്യാൻ തൊഴിലാളികളെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. എഴുപത്തി അയ്യായിരം രൂപ ചെലവഴിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. പക്ഷെ കൊയ്ത്തു ജോലികൾ ഇവരെ ഏൽപ്പിക്കാൻ കർഷകർക്ക് അത്ര ധൈര്യമില്ല. 

വയലിൽ പണിയെടുക്കുന്നവരെല്ലാം തൊഴിലുറപ്പ് ജോലിക്കു പോയതാണ് കർഷകർക്ക് ദുരിതമായത്. കൊയ്തെടുക്കാനുള്ള സമയം കഴിഞ്ഞതോടെ കൃഷി നശിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. തൊഴിലുറപ്പ് ജോലിയിൽ ഉൾപ്പെട്ട തൊഴിലാളികളെ കാർഷിക ജോലിക്കു കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി.ജലീലിന് നിവേദനം നൽകി കാത്തിരിക്കുകയാണ് കർഷകർ