തൃശൂർ മാളയിൽ പാമ്പുകടിയേറ്റ് മൂന്നു വയസുകാരി മരിച്ചതില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. ഡ്യൂട്ടി ഡോക്ടർ കുറ്റക്കാരിയാണെന്ന് ഡിഎംഒ റിപ്പോർട്ടിൽ തെളിഞ്ഞിട്ടും നടപടിയില്ല. വിജിലൻസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് കുടുംബം ആരോപിച്ചു.
2021 മാർച്ച് 24 നാണ് മൂന്നു വയസ്സുകാരി ആവ്റിന് കൃഷ്ണൻ കോട്ടയിൽ വീട്ടുമുറ്റത്തുവച്ച് പാമ്പുകടിയേറ്റത്. കുട്ടിയുടെ അപ്പൂപ്പനും അമ്മൂമ്മയും ചേർന്ന് ഉടൻതന്നെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ ചെന്നപ്പോൾ ഉണ്ടായത് നടുക്കുന്ന ഗുരുതര വീഴ്ചകൾ. മൂന്നു വയസുകാരിക്ക് ചികിത്സ നിഷേധിച്ചെന്നും ഡോക്ടർക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ഡിഎംഒ 2025 ജനുവരി 23ന് ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകി.
ഇതിൽ യാതൊരുവിധ നടപടിയും ഉണ്ടായില്ല. ഈ റിപ്പോർട്ട് സംബന്ധിച്ചുള്ള അന്വേഷണത്തിന് ആരോഗ്യവകുപ്പിലെ റീജനൽ വിജിലൻസ് ഓഫീസറെ നിയമിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രിയും പറഞ്ഞു. എന്നാൽ പറച്ചിൽ മാത്രം ഉണ്ടായി. നടപടിയും അന്വേഷണവും ബാക്കിയായി. മറ്റൊരു കുട്ടിക്കും ഈ മൂന്നു വയസ്സുകാരിയുടെ സ്ഥിതി ഉണ്ടാകരുതെന്നും തങ്ങൾക്ക് നീതി ലഭിക്കണമെന്നും ആണ് ഈ കുടുംബത്തിന്റെ ആവശ്യം.