കൊരട്ടിയില്‍ സവാള കയറ്റിയ ലോറിയില്‍ കടത്തിയ പതിനൊന്നു ടണ്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി. പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ വില്‍ക്കാന്‍ ഉന്നമിട്ടായിരുന്നു ഇതു കടത്തിയത്. രണ്ടു പേരെ അറസ്റ്റ് ചെയ്തു.
തൃശൂര്‍ റൂറല്‍ പൊലീസിന്‍റെ ലഹരിവിരുദ്ധ സേനയും ചാലക്കുടി പൊലീസും ചേര്‍ന്നാണ് നിരോധിത പുകയില ഉല്‍പന്ന കടത്ത് പിടികൂടിയത്. ലോറിയില്‍ അഞ്ചു ടണ്‍ സവാളയായിരുന്നു. ഇതിന്‍റെ മറവിലാണ് പതിനൊന്നു ടണ്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഒളിപ്പിച്ചു കടത്തിയത്. ബംഗ്ലുരുവില്‍ നിന്നാണ് ഇവ കൊണ്ടുവരുന്നത്. കാലടി, പെരുമ്പാവൂര്‍ മേഖലയില്‍ വില്‍ക്കാനായിരുന്നു ഉദ്ദേശ്യം. അതിഥി തൊഴിലാളികള്‍ക്കിടയില്‍ ഇവയ്ക്കു വലിയ ഡിമാന്‍ഡാണെന്ന് പൊലീസ് പറഞ്ഞു.
ലോറി ജീവനക്കാരായ കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ ടെല്‍സന്‍, സുലൈമാന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. പണം മുടക്കിയവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.