പഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട റോസ് മേരി.

  • തൃശൂർ പാറളം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി റോസ് മേരി വിജയിക്കുകയും പാർട്ടി ഭരണം പിടിച്ചെടുക്കുകയും ചെയ്തു.

അവിശ്വാസപ്രമേയം പാസായതിനു പിന്നാലെ തൃശൂർ പാറളം പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം. രണ്ട് സിപിഐ അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തതോടെയാണ് പാറളത്ത് കോൺഗ്രസിന് ഭരണം ലഭിച്ചത്. പാർട്ടി വിപ്പ് ലംഘിച്ചാണ് സിപിഐ അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്. കോൺഗ്രസിലെ റോസ് മേരി പഞ്ചായത്ത് പ്രസിഡന്റാകും.

Also Read: ബിജെപിയുടെ വാതില്‍ തുറന്നിട്ടിരിക്കുന്നു; ദിവ്യ നിലപാട് വ്യക്തമാക്കട്ടെ: പി.കെ. കൃഷ്ണദാസ്

17 അംഗ ഭരണസമിതിയിൽ കോൺഗ്രസിനും ബിജെപിക്കും ആറ് വീതം അംഗങ്ങളാണുള്ളത്. മൂന്ന് സിപിഐ അംഗങ്ങളും രണ്ട് സിപിഎം അംഗങ്ങളും ഉൾപ്പെടെ അഞ്ച് പേരാണ് എൽഡിഎഫിലുള്ളത്. ആറുമാസം മുൻപ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം തെറ്റായി വോട്ട് ചെയ്തതോടെയാണ് ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. ആറുമാസത്തിനുശേഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം എൽഡിഎഫും യുഡിഎഫും ഒന്നിച്ചുനിന്നതോടെ പാസായി.

എന്നാൽ, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും പാർട്ടി അംഗങ്ങൾക്ക് വിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാല്‍  തിരഞ്ഞെടുപ്പിൽ രണ്ട് സിപിഐ അംഗങ്ങൾ കോൺഗ്രസിനെ പിന്തുണച്ചു . കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത സിപിഐ അംഗങ്ങളിൽ ഒരാൾ സിപിഎമ്മിനെതിരെ മത്സരിച്ച് വിജയിച്ചയാളാണ്.

Also Read: മന്ത്രിയുമായി അഭിപ്രായഭിന്നത?; ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി.വി.അനുപമയെ മാറ്റി

ഇതോടെ കോൺഗ്രസ് അംഗം റോസ് മേരി പഞ്ചായത്ത് പ്രസിഡന്റാകും. ജനാധിപത്യവിശ്വാസികൾ എന്ന നിലയിലാണ് വോട്ട് ചെയ്തതെന്നും സിപിഐയുമായി ധാരണയുണ്ടായിരുന്നില്ലെന്നും റോസ് മേരി മനോരമ ന്യൂസിനോട് പറഞ്ഞു. ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് ഒഴിവാക്കാനാണ് കോൺഗ്രസിന് പിന്തുണ നൽകിയതെന്നും ലോക്കൽ കമ്മിറ്റി തീരുമാനം കോൺഗ്രസിനെ പിന്തുണയ്ക്കാനായിരുന്നുവെന്നും സിപിഐ അംഗവും പ്രതികരിച്ചു.

ENGLISH SUMMARY:

The Congress party has wrested power in the Paralam panchayat in Thrissur after two CPI members defied party whips to vote for the Congress candidate during the presidential election. This political shift occurred following a successful no-confidence motion where LDF and UDF councilors united to oust the BJP administration, which had previously held power due to cross-voting. Congress candidate Rose Mary is set to take charge as the new panchayat president following the dramatic floor-crossing. While CPI members stated their action aimed to prevent BJP rule, the development marks a significant local body power shift in the region.