• 'ജന്തര്‍ മന്തര്‍ പ്രതിഷേധിക്കാനുള്ള സ്ഥലം അല്ലാതെയാകാന്‍ കാരണമെന്താണ്? പൊലീസ് ഓഫിസര്‍മാര്‍ സ്പെഷല്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരെപ്പോലെ പെരുമാറാന്‍ അധികാരം നല്‍കിയതാരാണ്? പെല്ലെറ്റ് നീറ്റ് പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിക്കാന്‍ അനുമതി നല്‍കിയത് ആരാണ്?'

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ സിജെപി നേതാക്കളെ തിരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്യുന്നതില്‍  കേന്ദ്രസര്‍ക്കാരിനെതിരെ തുറന്നടിച്ച് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ.അണ്ണാമലൈ. കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതും അവരെ വിദേശ ചാരന്‍മാരെന്ന് ആരോപിക്കുന്നതും ശരിയല്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ എഴുതി. സിജെപിയുടെ സമര രീതിയോട് തനിക്ക് എതിര്‍പ്പുണ്ടെന്നും പക്ഷേ കേന്ദ്രസര്‍ക്കാര്‍ അവരുന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും അണ്ണാമലൈ പറയുന്നു. Also Read: പ്രിയങ്ക ഗാന്ധിയുടെ മകന്‍റെ എക്സിബിഷനില്‍ നിന്ന് 74 'ഡല്‍ഹി പ്രതിഷേധ' ചിത്രങ്ങള്‍ നീക്കി! വിവാദം

'ജനാധിപത്യത്തില്‍ നിയമവാഴ്ചയില്‍ വന്ന തെറ്റിനെ  ചോദ്യം ചെയ്താല്‍ നിങ്ങള്‍ പല പേരും കേള്‍ക്കേണ്ടി വരും. പലതരം ആക്രമണങ്ങള്‍ നേരിടേണ്ടി വരും. ചിലപ്പോള്‍ വിദേശ ചാരനെന്ന് വരെ മുദ്രകുത്തപ്പെടാം'– അണ്ണാമലൈ  പരിഹസിച്ചു. ജനാധിപത്യരാജ്യത്ത് ചോദ്യം ചോദിക്കാനുള്ള അവകാശമുണ്ടെന്നും ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന അക്രമം ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ അണ്ണാമലൈയുടേത് ഇരട്ടത്താപ്പാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. പാര്‍ട്ടിവിട്ടശേഷം മാത്രമാണ് എസ്ഐആറിനെ എതിര്‍ക്കുന്നതെന്നും ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു. ഇതിന് അണ്ണാമലൈ മറുപടിയും നല്‍കി. 'ബിജെപിയിലെ ചിലരോട് ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് കാര്യങ്ങളെ വളച്ചൊടിക്കാനും വ്യാഖ്യാനിക്കാനുമാണ് നിങ്ങള്‍ക്ക് താല്‍പര്യം എന്നെനിക്കറിയാം. പക്ഷേ ഇനി മറക്കരുത്. 2026 ജൂണ്‍ അഞ്ചിന് ഞാന്‍ ബിജെപി വിട്ടു. ഇന്നലെ പറഞ്ഞത് പോലെ സിജെപിയുടെ പ്രതിഷേധ രീതിയോട് എനിക്ക് യോജിപ്പില്ല. പക്ഷേ അവര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അവര്‍ക്ക് പ്രധാനമെന്ന് തോന്നുന്ന വിഷയത്തില്‍ പോരാടാന്‍ അവകാശമുണ്ട്'- അദ്ദേഹം എക്സില്‍ കുറിച്ചു. 

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും അണ്ണാമലൈ ഉയര്‍ത്തുന്നുണ്ട്. ജന്തര്‍ മന്തര്‍ പ്രതിഷേധിക്കാനുള്ള സ്ഥലം അല്ലാതെയാകാന്‍ കാരണമെന്താണ്? പൊലീസ് ഓഫിസര്‍മാര്‍ സ്പെഷല്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരെപ്പോലെ പെരുമാറാന്‍ അധികാരം നല്‍കിയതാരാണ്? പെല്ലെറ്റ് നീറ്റ് പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിക്കാന്‍ അനുമതി നല്‍കിയത് ആരാണ്? തുടങ്ങിയ ചോദ്യങ്ങള്‍ അദ്ദേഹം ഉയര്‍ത്തി. ബിജെപി സിജെപിയെ ശരിക്കും എതിര്‍ക്കുകയാണോ? അതോ ഫ്രീ പബ്ലിസിറ്റി നല്‍കുകയാണോ? സിജെപിയെ മുഖ്യപാര്‍ട്ടിയായി ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനാണോ ബിജെപി ശ്രമിക്കുന്നത്? എന്താണെങ്കിലും അവര്‍ക്ക് പബ്ലിസിറ്റിക്ക് ആളെ വേണ്ടി  വരില്ല'- അണ്ണാമലൈ കുറിച്ചു.

ENGLISH SUMMARY:

Former Tamil Nadu BJP president K. Annamalai has criticised the central government over the arrest of Cockroach Janata Party (CJP) leaders during a protest, arguing that questioning the government should not lead to arrests or accusations of being foreign spies. Although he disagreed with the party’s protest methods, Annamalai defended its democratic right to protest and demand answers from the authorities. He also questioned the use of Delhi Police to handle demonstrators and raised concerns about restrictions on protests at Jantar Mantar