തൃശൂർ നാട്ടിക ടോൾ പ്ലാസയിൽ എല്‍ഡിഎഫ് മാർച്ചിനുനേരെ പൊലീസ് ലാത്തിവീശി. രണ്ടു പ്രവർത്തകർക്ക് പരുക്കേറ്റു. യുഡിഎഫ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. ടോള്‍ പിരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം മറികടന്ന് ചീഫ് സെക്രട്ടറി ദേശീയ പാത അതോറിറ്റിക്ക് അനുമതി നല്‍കിയെന്ന വാര്‍ത്തയും പുറത്തുവന്നു. ചീഫ് സെക്രട്ടറിയുടെ നീക്കത്തില്‍ അതൃപ്തിയിലാണ് മന്ത്രി. പണി തീരാത്ത പുതിയ ദേശീയപാത യാത്രക്കാര്‍ക്കു പണിയാണെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. നാട്ടികയിലെ ഇന്നത്തെ ആദ്യ ടോൾ പ്ലാസ സമരം എൽ.ഡി.എഫിന്റേതായിരുന്നു. ജലപീരങ്കി പ്രയോഗിച്ചിട്ടും എല്‍ഡിഎഫ് പ്രവർത്തകർ പിരിഞ്ഞു പോയില്ല. പൊലീസിന്റെ ബാരിക്കേഡുകൾ പ്രവർത്തകർ മറിച്ചിട്ടു.
യുഡിഎഫ് പ്രവർത്തകരുടെ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ , കെപിസിസി സെക്രട്ടറി സുനിൽ ലാലൂർ ഉൾപ്പെടെ നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. ബാരിക്കേഡ് മറികടന്ന കോൺഗ്രസ് നേതാവ് ശോഭ സുബിനെ അറസ്റ്റ് ചെയ്തു.
പണി തീരാത്ത ദേശീയ പാതയിൽ ടോൾ പിരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു സമരങ്ങൾ. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ടോൾ നിർത്താൻ നിർദേശം നൽകിയിരുന്നു. പക്ഷേ, ചീഫ് സെക്രട്ടറി ടോൾ തുടരാനും പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് പാലിയേക്കരയിൽ ടോൾ നിർത്തിയതിന് അന്നത്തെ കലക്ടർ പഴി കേൾക്കേണ്ടി വന്നിരുന്നു. ഹൈക്കോടതിയിലെ പൊതു താൽപര്യ ഹർജിയിൽ തീരുമാനം കാത്തിരിക്കുകയാണ് സർക്കാരും സമരക്കാരും. ടോൾ പിരിവ് നിർത്താൻ NHAI തയാറല്ല. 90 ശതമാനം പണി കഴിഞ്ഞെന്നാണ് വാദം.