nattika-collector

ദേശീയപാത 66ലെ പോരായ്മകള്‍ എണ്ണിയെണ്ണി പറഞ്ഞ് തൃശൂര്‍ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട് കൈമാറി. തൃശൂര്‍ ജില്ലയിലെ അറുപത്തി രണ്ടു കിലോമീറ്ററില്‍ പതിനാറു കിലോമീറ്ററില്‍ സര്‍വീസ് റോഡില്ല. ഇരുപത്തിയൊന്നു കിലോമീറ്ററില്‍ തെരുവു വിളക്കുകളും ഇല്ല. ഒരു കിലോമീറ്ററില്‍ റോഡിന്‍റെ അറ്റക്കുറ്റപ്പണി നടത്തണം. പണി തീരാത്ത അഞ്ചു പാലങ്ങള്‍. ഇതിലൊരെണ്ണം ജലഅതോറിറ്റിയുടെ പണികള്‍ കഴിയാത്തതാണ് പ്രശ്നം. രണ്ടിടത്ത് നിർമാണ സാമഗ്രഹികൾ മറ്റും കൂട്ടിയിട്ടതു മാറ്റണം. ടോള്‍ നല്‍കി പോകുന്ന ദേശീയപാതയില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളാണ് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ടായി സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചത്. നാട്ടികയില്‍ ടോള്‍പിരിവ് വിവാദമായ പശ്ചാത്തലത്തിലാണ് കലക്ടറുടെ റിപ്പോര്‍ട്ട്. 

രേഖാമൂലം ഉത്തരവില്ല:

നാട്ടികയില്‍ ടോള്‍പിരിവ് നിര്‍ത്താന്‍ ഇതുവരെ ആരും രേഖാമൂലം ഉത്തരവിറക്കിയിട്ടില്ല. പൊതുമരാമത്തു സെക്രട്ടറിയാണ് ഉത്തരവിറക്കേണ്ടത്. മുന്‍ തൃശൂര്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പാലിയേക്കരയില്‍ ടോള്‍പിരിവ് നിര്‍ത്തി ഉത്തരവിറക്കിയിരുന്നു. ഗതാഗത കുരുക്കായിരുന്നു അന്ന് പറഞ്ഞ കാരണം. ഇരുപത്തിനാലു മണിക്കൂറിനു മുമ്പേ കലക്ടര്‍ക്കുതന്നെ ആ ഉത്തരവ് പിന്‍വലിക്കേണ്ടിവന്നു. 

ഇരുപത്തിനാലു മണിക്കൂര്‍ നേരത്തെ ടോള്‍തുക റവന്യൂ റിക്കവറിയായി കലക്ടറുടെ ശമ്പളത്തില്‍ നിന്ന് പോകുമെന്ന അവസ്ഥയായി. അതുക്കൊണ്ടുതന്നെ, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതിസന്ധിയിലാണ്. സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം ടോള്‍നിര്‍ത്താന്‍ ആവശ്യപ്പെടുന്നുമില്ല. കലക്ടര്‍ സര്‍‍വകക്ഷിയോഗം വിളിച്ച അതേസമയത്താണ് ടോള്‍ കമ്പനി പിരിച്ചു തുടങ്ങിയത്. 

ഡിസൈനില്‍ ഇല്ലെന്ന വാദം:

ഇനി പണി തീരാനുള്ള പാലങ്ങളും സര്‍വീസ് റോഡുകളും പിന്നീട് ഡിസൈനില്‍ കൂട്ടിചേര്‍ത്തതാണെന്ന വാദമാണ് എന്‍.എച്ച്.എ.ഐയുടേത്. 62 കിലോമീറ്ററില്‍ തൊണ്ണൂറു ശതമാനം നിര്‍മാണം കഴിഞ്ഞെന്ന് എന്‍.എച്ച്.എ.ഐ. സര്‍ട്ടിഫിക്കറ്റും നല്‍കി കഴിഞ്ഞു. നിയമപരമായി നേരിടുകയാണ് പോംവഴിയെന്ന് വിദഗ്ധര്‍ പറയുന്നു. 

മുന്‍ എം.പി ടി.എന്‍.പ്രതാപന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതി കലക്ടറോട് വിശദീകരണം ആരാഞ്ഞാല്‍ ഇതിനോടകം കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതിയും പരിഗണിക്കും. ഹൈക്കോടതി തീരുമാനം വന്നാല്‍ മാത്രമേ, ടോള്‍ പിരിവ് നാട്ടികയില്‍ നിര്‍ത്തൂ. ദേശീയപാത അധികൃതര്‍ ടോള്‍ പിരിക്കാന്‍ ഏജന്‍സിയെ ഏല്‍പിച്ച് മുന്നോട്ടു പോകുകയാണ്. ജനകീയ വികാരം ഉള്‍ക്കൊണ്ട് മറ്റു രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്. ബിജെപിയും ഇതിനെതിരെ പ്രാദേശികമായി രംഗത്തു വന്നിട്ടുണ്ട്.

ENGLISH SUMMARY:

Thrissur District Collector Shika Surendran has submitted a detailed report to the state government highlighting severe infrastructure flaws on the National Highway 66 stretch. The report points out missing service roads, lack of streetlights, and unfinished bridges along the 62-kilometer Thrissur section amid the ongoing Nattika toll controversy.