മാതാപിതാക്കൾ പാതിവഴിയിൽ ജീവിതം അവസാനിപ്പിച്ചപ്പോൾ തനിച്ചായി പോയ രണ്ടു കുരുന്നുകളുണ്ട് തൃശൂർ കൊടുങ്ങല്ലൂരിൽ.ഏഴാം ക്ലാസ് വിദ്യാർഥി ശിവപ്രിയയും അനുജൻ നാലാം ക്ലാസുകാരൻ ശിവദേവും. 62 കാരി മുത്തശ്ശിയുടെ വാർദ്ധക്യ പെൻഷൻ മാത്രമാണ് ഏക വരുമാനം. നല്ല ഭക്ഷണമില്ല, വീടില്ല. മുന്നോട്ടുള്ള ജീവിതം ഇവർക്കൊരു പേടിസ്വപ്നമാണ്.
എഴുത്തുകാരൻ പി സുരേന്ദ്രന്‍റെ 'അമ്മമ്മ' എന്നൊരു ചെറുകഥയുണ്ട്. അനാഥരായ പേരക്കുട്ടികളെ വളർത്താൻ കഷ്ടപ്പെടുന്ന ഒരു മുത്തശ്ശിയാണ് അതിലെ കേന്ദ്ര കഥാപാത്രം. പേരക്കുട്ടികളെയും ചേർത്തുപിടിച്ച് നിൽക്കുന്ന നിസ്സഹായയായ ഈ മുത്തശ്ശിയും ഒരു അമ്മമ്മയല്ലേ.ശിവദേവ് ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദാമ്പത്യ പ്രശ്നങ്ങൾ കാരണം മാതാപിതാക്കൾ ജീവനൊടുക്കിയത് .പിന്നെ മുത്തച്ഛനും മുത്തശ്ശിയുമായിരുന്നു കൂട്ട്.എന്നാൽ കഴിഞ്ഞ വർഷം മുത്തച്ഛൻ മരിച്ചു.പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ മേൽക്കൂര. വാതിലുകൾക്ക് പകരം പാഴ്ത്തുണികൾ. ഈ കൂരയ്ക്കുള്ളിലെ ജീവിതം തള്ളിനീക്കാൻ തുടങ്ങിയിട്ട് 4 വർഷമായി.മഴ പെയ്താൽ ചോർന്നൊലിക്കാത്ത ഒരു കൊച്ചു വീടാണ് ഇവരുടെ സ്വപ്നം.
ലൈഫ് പദ്ധതി വഴി ലഭിച്ച നാലു ലക്ഷം രൂപകൊണ്ട് വീടുപണി ആരംഭിച്ചു. എന്നാൽ പണം തികയാതെ വന്നതോടെ നിർമ്മാണം പാതിവഴിയിൽ നിലച്ചു. ഇനി വാതിലുകളും ജനലുകളും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം.ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് എസ്.ആർ.വി.യു.പി സ്കൂളിലാണ് കുട്ടികൾ പഠിക്കുന്നത്. വീടു പണി പൂർത്തിയാക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഇവര്‍.
Bank details
Name: Shivapriya
Account number : 0780108057470
IFSC : CNRB0000780