hellokeralamHDMax-1-

ശാരീരിക പരിമിതികൾ മറികടന്ന് കൈക്കരുത്തിലൂടെ വ്യത്യസ്തയാവുകയാണ് തൃശൂർ എടമുട്ടം സ്വദേശി കൃഷ്ണാഞ്ജന. കണ്ണുകളുടെ ഭിന്നശേഷിയും അസ്ഥികളുടെ ജനിതക വൈകല്യവും വകവയ്ക്കാതെ പഞ്ചഗുസ്തിയിൽ പൊരുതി  ദേശീയ ചാമ്പ്യനായി. ഒപ്പം സ്കൂൾ കലോത്സവത്തിലെ ലളിതഗാന മത്സരങ്ങളിൽ എ ഗ്രേഡും നേടി. 

ജീവിതം വഴിമുട്ടിനിന്ന ഘട്ടത്തിൽ സ്വയം വഴി വെട്ടിത്തെളിച്ച് മുന്നേറുകയായിരുന്നു ഈ പെൺകുട്ടി. കൈക്കരുത്തിലും സ്വരമാധുരിയിലും വിജയവഴിയിലാണ് കൃഷ്ണാഞ്ജന. മകളുടെ മനസ്സിന് പോരാടാനുള്ള കഴിവും കൈകൾക്ക് കരുത്തുമുണ്ടെന്ന് തിരിച്ചറിഞ്ഞ് പഞ്ചഗുസ്തി പരിശീലനത്തിന് അയച്ചത് അച്ഛൻ ദിലീപ് ആണ്. പിതാവിന്‍റെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ 18 കാരി. പതിമൂന്നാം വയസ്സിൽ മാത്രമാണ് പരിശീലനം തുടങ്ങിയത്. പക്ഷേ കാഴ്ച പരിമിതിയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച് മൂന്നുതവണ സംസ്ഥാന ചാമ്പ്യനായി.

2023 മുതൽ ദേശീയതലത്തിൽ തുടർച്ചയായി മത്സരിച്ച് വെള്ളി, വെങ്കല മെഡലുകൾ.സ്വന്തമാക്കി. ഇപ്പോഴിതാ ലോക പാരാ- ആം റെസിലിംഗ് ചാമ്പ്യൻഷിപ്പിലും തിളങ്ങി. സ്വർണ്ണം നേടാനാവാത്തതിന്‍റെ ചെറിയൊരു സങ്കടമുണ്ട് ‍.

നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ക്രൂസോൺ സിൻഡ്രം എന്ന രോഗം കണ്ടെത്തുന്നത്. 17 വർഷത്തിനിടെ പത്തോളം ശസ്ത്രക്രിയകൾക്ക് വിധേയയായി. ഒരു കണ്ണിന് പൂർണമായും കാഴ്ചയില്ല. കൃഷ്ണാഞ്ജനക്ക് സംഗീതത്തോടു താല്പര്യമുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നത് ആശുപത്രി വാസക്കാലത്താണ്. അതിനും പ്രോത്സാഹനവുമായി മകളുടെ ഒപ്പം  അവർ നിന്നു. സംസ്ഥാന ഭിന്നശേഷി കലോത്സവത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കൃഷ്ണാഞ്ജന.

inspiring journey of Krishnanjana, a differently-abled teenager from Thrissur who overcame severe physical challenges to become a national arm wrestling champion and a talented singer. :