കളിച്ചും ചിരിച്ചും കൂട്ടുകാർക്കൊപ്പം ഓടിനടക്കേണ്ട പ്രായത്തിൽ ആശുപത്രി വരാന്തകളാണ് രണ്ടാം ക്ലാസ് വിദ്യാർഥിയായ സായന്തിന്റെ ലോകം. തകരാറിലായ ഒരുവൃക്ക മാത്രമുള്ള സായന്തിന്റെ ചികിൽസയ്ക്ക് വിലകൂടിയ മരുന്നുകൾ വേണം. തൃശൂർ അന്തിക്കാട് സ്വദേശികളായ മാതാപിതാക്കൾ ചികിൽസ ചെലവിനു മുന്നിൽ നിസ്സഹായരാണ്
രണ്ടരവർഷം മുൻപാണ് സായന്തിന് അപൂർവ രോഗം പിടിപെട്ടത്. കഠിനമായ വയറുവേദന വന്ന് ആശുപത്രിയിൽ കാണിച്ചപ്പോഴാണ് കുട്ടിയ്ക്ക് ഒരു വൃക്കയെ ഉള്ളുവെന്നും അത് തകരാറിൽ ആണെന്നും അറിഞ്ഞത്. ജനന സമയത്ത് ഇത് റിപ്പോർട്ട് ചെയ്തിരുന്നില്ല. പഠിക്കാൻ മിടുക്കൻ ആണ്. പക്ഷെ എല്ലാദിവസവും സ്കൂളിൽ പോകാനാവുന്നില്ല.
പ്രായമായ രണ്ട് മുത്തശ്ശിമാരും കാലങ്ങളായി ഈ കുടുംബത്തിനൊപ്പമാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല. പഞ്ചായത്തും നാട്ടുകാരും ചേർന്ന് സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും ചികിത്സയ്ക്ക് തികയുന്നില്ല.
800 മില്ലിലിറ്റർ വെള്ളമേ ഒരു ദിവസം കുടിക്കാനാകു. വേദന കാരണം പലപ്പോഴും കുഞ്ഞ് ഉറങ്ങാറില്ല.
മകന്റെ ആരോഗ്യപ്രശ്നം എന്താണ്? ഇനി എന്തു ചെയ്യും? എന്ന വലിയൊരു ചോദ്യചിഹ്നമാണ് ഈ മാതാപിതാക്കൾക്ക് മുന്നിൽ.