1. മരിച്ച ജ്യോതി. 2. മൃതദേഹം കണ്ടെത്തിയ ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തുന്നു.
തൃശൂര്‍ നഗരമധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജ് മുറിയില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. യുവതിയെ ലോഡ്ജിലെത്തിച്ച തൃശൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് പിടിയിലായത്. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് പ്രസവത്തിനിടെ മരിച്ചത്. വിവസ്ത്രയായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. തൊട്ടടുത്താണ് നവാജാതശിശുവിന്‍റെ മൃതദേഹവും ഉണ്ടായിരുന്നത്.
കഴിഞ്ഞ 27 ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് ഓട്ടോ ഡ്രൈവര്‍ക്കൊപ്പം യുവതി ലോഡ്ജിലെത്തി മുറിയെടുത്തത്. യുവതിയുമായി പലപ്പോഴും ലോഡ്ജിലെത്താറുള്ളയാളാണ് ഓട്ടോ ഡ്രൈവര്‍. യുവതി ലോഡ്ജിലെത്തുന്ന സമയം ഒപ്പം കുഞ്ഞില്ലായിരുന്നു. വന്നശേഷം പ്രസവിക്കുകയും ശേഷം മരണം സംഭവിക്കുകയുമായിരുന്നു. പ്രസവ ശേഷമുള്ള തുടര്‍ ചികിത്സ ലഭിക്കാത്തതാണോ മരണ കാരണം എന്ന സംശയവും പൊലീസിനുണ്ട്. പ്രസവത്തിനിടെയാണ് ജ്യോതി മരിച്ചതെന്നാണ് ഇന്‍ക്വസ്റ്റിലെ കണ്ടെത്തല്‍.
ശനിയാഴ്ച ലോഡ്ജില്‍ മുറിയെടുത്ത ശേഷം ജ്യോതിയെ കാണാന്‍ ഞായറാഴ്ച ഓട്ടോ ഡ്രൈവര്‍ എത്തിയിരുന്നു. പിന്നീട് പുറത്ത് പോയി മടങ്ങിയെത്തി. ഫോണില്‍ വിളിച്ചപ്പോള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ഓട്ടോ ഡ്രൈവര്‍ക്ക് ലോഡ്ജിലെത്തിയത്. കതകില്‍ മുട്ടിയിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് മാനേജര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ജ്യോതിയെയും നവജാത ശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു മുറി. അതിനാല്‍ കൊലപാതകമല്ലെന്ന് പൊലീസ് ഉറപ്പിച്ചു.
2024 ല്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് യുവതി ഓട്ടോ ഡ്രൈവര്‍ക്കെതിരെ ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഈ പരാതി ഇരുവരും ഒത്തുതീര്‍പ്പിലാക്കുകയായിരുന്നു. യുവതി നിലവില്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലെന്നാണ് ഓട്ടോ ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ യഥാര്‍ഥ മരണകാരണം അറിയാന്‍ സാധിക്കുകയുള്ളൂ.