വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടർന്ന് ചെമ്മീൻ പാടത്തിൽ ഓക്സിജൻ ലഭിക്കാതെ ചെമ്മീൻ കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തതോടെ കൊടുങ്ങല്ലൂരിലെ കർഷകന് ലക്ഷങ്ങളുടെ നഷ്ടം. പുല്ലൂറ്റ് സ്വദേശിയായ ഹുസൈനിനാണ് ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
നാൽപ്പത് ദിവസം മുൻപാണ് ഹുസൈൻ ചെമ്മീൻ കൃഷി ആരംഭിച്ചത്. നാല് ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെ പാടത്തിൽ നിക്ഷേപിച്ചിരുന്നു. വെള്ളത്തിലെ ഓക്സിജൻ അളവ് നിലനിർത്തുന്നതിനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പ്രത്യേക സംവിധാനവും സ്ഥാപിച്ചിരുന്നു.
ഞായറാഴ്ച വൈകിട്ടാണ് പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടത്. വിവരം ഉടൻ കെ.എസ്.ഇ.ബി ഓഫീസിൽ അറിയിച്ചെങ്കിലും സമയബന്ധിതമായി നടപടി ഉണ്ടായില്ലെന്നാണ് കർഷകന്റെ പരാതി. തുടർന്ന് ജനറേറ്റർ ഉപയോഗിച്ച് ഓക്സിജൻ സംവിധാനം പ്രവർത്തിപ്പിച്ചെങ്കിലും അർധരാത്രിയോടെ ജനറേറ്ററും പ്രവർത്തനരഹിതമായി. ഇതോടെ വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ് ചെമ്മീൻ കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയായിരുന്നു.
വിളവെടുപ്പിന് പാകമായിരുന്നെങ്കിൽ ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന ചെമ്മീൻ ലഭിക്കുമായിരുന്നുവെന്ന് ഹുസൈൻ പറഞ്ഞു. നിലവിൽ 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. സംഭവത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥയാണ് നഷ്ടത്തിന് കാരണമായതെന്ന് ആരോപിച്ച ഹുസൈൻ നിയമനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. അതേസമയം, പ്രദേശത്തെ മറ്റ് ചില ചെമ്മീൻ പാടങ്ങളിലും സമാന രീതിയിൽ നഷ്ടം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.