kseb-chairman

കടുത്ത കൽക്കരി ക്ഷാമവും അന്തരീക്ഷ ഊഷ്മാവ് വർദ്ധിച്ചതും കാരണം രാജ്യത്താകെ വൈദ്യുതി ലഭ്യതയിൽ വൻ കുറവ് രേഖപ്പെടുത്തിയതോടെ സംസ്ഥാനത്തും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെ.എസ്.ഇ.ബി (KSEB). ഈ മാസം 30 വരെ വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ നേരിയ തോതിൽ നിയന്ത്രണം ഉണ്ടായിരിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. ദിവസേന 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് നിലവിലുള്ളത്.

പസഫിക് സമുദ്രത്തിൽ എൽനിനോ (El Niño) പ്രതിഭാസം ശക്തിപ്രാപിച്ചതിനെത്തുടർന്ന് ആഗോളതലത്തിലും രാജ്യത്തും അന്തരീക്ഷ ഊഷ്മാവ് വലിയ തോതിൽ വർദ്ധിച്ചു നിൽക്കുകയാണ്. ഇത് രാജ്യത്തുടനീളമുള്ള വൈദ്യുതി ഉപയോഗം കുതിച്ചുയരാൻ കാരണമായി. സംസ്ഥാനത്ത് സാധാരണ ഈ സമയത്ത് 4100 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകതയാണ് കെ.എസ്.ഇ.ബി പ്രതീക്ഷിച്ചിരുന്നതെങ്കിലും അത് 4900 മെഗാവാട്ട് വരെയായി ഉയർന്നു. പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ മാത്രം 10 ദശലക്ഷം യൂണിറ്റിന്റെ അസാധാരണ വർദ്ധനവാണുണ്ടായിരിക്കുന്നത്.

രാജ്യത്താകെ വൈദ്യുതി ലഭ്യതയിൽ വൻ ഇടിവുണ്ടായതോടെ പുറത്തുനിന്ന് പണം നൽകി വൈദ്യുതി വാങ്ങാനുള്ള സാധ്യതകളും മങ്ങി. 900 മെഗാവാട്ടിന്റെ ഈ പ്രതിദിന കുറവ് പരിഹരിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് നിയന്ത്രണം.വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് അവറുകളിൽ (Peak Hours) വീടുകളിൽ നേരിയ തോതിൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ട്.

വരും ദിവസങ്ങളിൽ വലിയ തോതിലുള്ള ലോഡ്ഷെഡ്ഡിങ്ങിലേക്ക് പോകാതിരിക്കാൻ പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിക്കുന്നു. ഈ സമയങ്ങളിൽ എയർ കണ്ടീഷണറുകൾ (AC), വാഷിംഗ് മെഷീൻ, പമ്പ് സെറ്റുകൾ തുടങ്ങിയ ഉയർന്ന വൈദ്യുതി ഉപയോഗമുള്ള ഉപകരണങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്നും കെ.എസ്.ഇ.ബി നിർദ്ദേശിച്ചു.

ENGLISH SUMMARY:

Kerala power cut is announced by KSEB due to a severe coal shortage and increased temperatures nationwide. The electricity rationing will be in effect from 6 PM to 12 AM until the end of the month, with a daily deficit of 900 megawatts.