road-thrissur

TOPICS COVERED

തൃശൂർ എം ജി റോഡിൽ വീണ്ടും മരണക്കുഴി. കഴിഞ്ഞ വർഷം യുവാവിന്റെ മരണത്തിനിടയാക്കിയ ഭാഗത്ത് തന്നെയാണ് വീണ്ടും കുഴി. ഭരണമാറ്റമുണ്ടായിട്ടും കുഴികൾ അടയ്ക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

തൃശൂരിന്റെ ഹൃദയഭാഗമായ എംജി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഒന്നു സൂക്ഷിക്കണം. ഏതുസമയവും കുഴിയിൽ വീഴാം. റോഡിന് വീതി കുറവായതിനാൽ കുഴിയിൽ ഇറങ്ങാതെ നിവർത്തിയില്ല. സർക്കാർ ഇനിയും മരണം കാത്തിരിക്കുകയാണെന്ന് യാത്രക്കാർ.

കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ച യുവാവ് ബസിനടിയിൽപെട്ട് ദാരുണമായി മരിച്ചത് ഇതേ റോഡിലാണ്. അന്ന് റോഡിൽ കിടന്നു പ്രതിഷേധിച്ചവർ കോർപ്പറേഷൻ ഭരിക്കുമ്പോഴും, കുഴികൾ അടയുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ മാസമാണ് ഇക്കണ്ട വാര്യർറോഡിലെ കുഴിയിൽ വീണു നിയന്ത്രണം വിട്ടു സ്കൂട്ടർ യാത്രക്കാരി മരിച്ചത്. അവിടത്തെ ടാറിങ്ങും ശരിയായിട്ടില്ല. മഴക്കാലമായതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലുള്ള ഇത്തരം ചതിക്കുഴികളെ ഭയന്നു വേണം  യാത്ര ചെയ്യാൻ 

ENGLISH SUMMARY:

Thrissur MG Road pothole is a recurring danger, with a recent accident occurring in the same spot that caused a fatality last year. Residents are complaining about the lack of road repairs despite changes in government.