ഭക്ഷണം കഴിച്ചതിന് പണം ആവശ്യപ്പെട്ട ഹോട്ടലുടമയെ ആക്രമിച്ച കുപ്രസിദ്ധ ഗുണ്ട അട്ടാണി അനീഷ് പിടിയിൽ. മാർച്ച് 16ന് നടന്ന അതിക്രമത്തിലാണ് നിരവധി കേസുകളിൽ പ്രതിയായ അനീഷിനെ അറസ്റ്റ് ചെയ്തത്. തന്നെ വട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ച് അന്നേദിവസം കാസർകോട് സ്വദേശിയെ ആക്രമിച്ചതിനും അട്ടാണിക്കെതിരെ കേസുണ്ട്.
ഒരേ ദിവസം നടത്തിയ രണ്ട് അക്രമങ്ങളുടെ പേരിലാണ് ചാവക്കാട് നിന്നും ഇന്നലെ രാത്രി അട്ടാണി അനീഷിനെ പൊലീസ് പൊക്കിയത്. കൊച്ചി എം.ജി റോഡിലെ 'മിസ്റ്റർ ടീ' റെസ്റ്റോറന്റിന് സമീപം യുവാവിനെ തടഞ്ഞുനിർത്തി കൊലവിളിച്ചതാണ് ഒന്നാമത്തെ കേസ്. മാർച്ച് 16-ന് പുലർച്ചെ ഭക്ഷണം കഴിച്ച ശേഷം ബില്ല് ചോദിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം. ഹോട്ടൽ ജീവനക്കാരനെ ആദ്യം മർദിച്ച പ്രതികൾ ഉടമയെ കത്തികാണിച്ച് കൊല്ലുമെന്ന് ഭീഷപ്പെടുത്തി. അനീഷ്, സുഹൃത്ത് അൻസിൽ ഷാ കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർ എന്നിവരാണ് ഈ കേസിലെ പ്രതികൾ.
ഇതേ സ്ഥലത്ത് വച്ച് യുവാവിനെ ആക്രമിച്ചതിനാണ് മറ്റൊരു കേസ്. അക്കു എന്ന വിളിപ്പേരുള്ള അനീഷിനെ അട്ടൂക്ക എന്ന് കാസർകോട് സ്വദേശിയായ മുഷ്താഖ് വിളിച്ചതാണ് പ്രകോപനം. മുഷ്താഖിനെ അനീഷ് താക്കോൽ കൂട്ടം കൊണ്ട് കഴുത്തിൽ വരഞ്ഞ് പരുക്കേൽപ്പിക്കുകയായിരുന്നു. കത്തി കാട്ടി വധഭീഷണി മുഴക്കുകയും കത്തിയുടെ പിടി കൊണ്ട് മുഷ്താഖിന്റെ പുറത്ത് പലതവണ കുത്തുകയും ചെയ്തു. അനീഷിന്‍റെ സുഹൃത്തുക്കളായ മറ്റ് പ്രതികൾ മുഷ്താഖിനെ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ചു. രണ്ട് അതിക്രമത്തിന്റെയും ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അട്ടാണി അനീഷ്.