അല്‍ ഖ്വായ്ദ, ഐഎസ്ഐഎസ് തുടങ്ങിയ നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 12 പേർ വിവിധ സംസ്ഥാനങ്ങളിൽ അറസ്റ്റിൽ. ആന്ധ്ര, ഡൽഹി, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കളാണ് ആന്ധ്ര- ഡൽഹി പൊലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിൽ അറസ്റ്റിലായത്.
ഗെയിമിങ് ആപ്പ് വഴിയാണ് ഭീകര സംഘടനകളുടെ വിദേശ ഹാൻഡ്‌ലർമാരെ കണ്ടുമുട്ടിയതെന്നാണ് അറസ്റ്റിലായവർ പൊലീസിന് നൽകിയ മൊഴി. ഐഎസ്ഐഎസുമായി ബന്ധപ്പെട്ട 'ബെനെക്സ് കോം' എന്ന ഗ്രൂപ്പുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ദേശീയ പതാകയ്ക്ക് പകരം അവർ ഐഎസിന്റെ പതാക ഉപയോഗിച്ചു എന്നാണ് ആരോപണം.
ദേശീയ പതാക കത്തിക്കുകയും ഐഎസിനെ പ്രശംസിക്കുകയും ഇന്ത്യയെ ഒരു ഇസ്ലാമിക് സ്റ്റേറ്റാക്കി മാറ്റണമെന്ന് വാദിക്കുകയും ചെയ്തു. ദേശീയഗാനത്തെയും അവർ പരിഹസിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ പാക്കിസ്ഥാനിലേക്ക് പോയി പരിശീലനത്തിൽ പങ്കെടുക്കാൻ അവർ പദ്ധതിയിട്ടിരുന്നതായും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പരിശീലനം നേടാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
ആന്ധ്രാപ്രദേശിൽ നിന്ന് മുഹമ്മദ് റഹ്മത്തുള്ള ഷെരീഫ്, മിർസ സൊഹൈൽ ബേഗ്, മുഹമ്മദ് ഡാനിഷ്, ബിഹാറിൽ നിന്ന് ഷാദ്മാൻ ദിൽകുഷ്, അജ്മാനുള്ള ഖാൻ, ഡൽഹിയിലെ രോഹിണി നിവാസിയായ ലക്കി അഹമ്മദ്, മിർ ആസിഫ് അലി (പശ്ചിമ ബംഗാൾ), സീഷൻ (രാജസ്ഥാൻ), അബ്ദുൽ സലാം (കർണാടക), ഷാറൂഖ് ഖാൻ, ഷിയാക് പിയാസ് റഹ്‌മാൻ (മഹാരാഷ്ട്ര), തെലങ്കാനയിൽ നിന്നുള്ള സൈദാ ബീഗം എന്നിവരാണ് അറസ്റ്റിലായത്.