തൃശൂർ റെയിൽവേ സ്റ്റേഷൻ ഇരുചക്ര പാർക്കിങ് കേന്ദ്രത്തിലെ തീപിടുത്തത്തില്‍ നഷ്ടപരിഹാര തുക സംബന്ധിച്ച് നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് റെയിൽവേയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ബൈക്കുകൾ കത്തി നശിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും യാതൊരുവിധ നടപടിയുമില്ലാത്ത സാഹചര്യത്തിലാണ് കമ്മീഷൻ്റെ ഇടപെടൽ.
തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഇരുചക്ര പാർക്കിംഗ് കേന്ദ്രത്തിൽ വൻ തീപിടുത്തം ഉണ്ടായിട്ട് രണ്ടുമാസം ആകാറായി, 500 ലേറെ ഇരുചക്രവാഹനങ്ങളാണ് കത്തി നശിച്ചത്. ദിവസങ്ങൾ കഴിഞ്ഞു മാസങ്ങൾ ആയിട്ടും ബൈക്ക് യാത്രക്കാർക്ക് നഷ്ടപരിഹാരം സംബന്ധിച്ച് ഒരു നടപടിയും റെയിൽവേ സ്വീകരിച്ചില്ല. എന്നാൽ നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റെയിൽവേയോടെ ആവശ്യപ്പെട്ടിരിക്കുകയാണ്. അഡ്വ. കുളത്തൂർ ജയ്‌സിങ് നല്കിയ പരാതിയിലാണ് കമ്മീഷൻ റിപ്പോർട്ട് ചോദിച്ചിരിക്കുന്നത്.
പാർക്കിങ് സ്ഥലം കരാർ വിളിച്ച് പ്രൈവറ്റ് ഏജൻസികൾക്ക് നല്കിയതാണെന്നും അതിനാൽ നഷ്ടപരിഹാരം റെയിൽവേയ്ക്ക് നല്കുവാൻ കഴിയില്ലെന്നുമാണ് അവരുടെ നിലപാട്. വാഹനം കത്തി നശിച്ചവർക്ക് നഷ്ടപരിഹാരം നല്കില്ലെന്ന റെയിൽവേയുടെ നിലപാടിൽ ഇരുചക്രവാഹനം നഷ്ടപ്പെട്ടവർക്കും വലിയ എതിർപ്പുണ്ട്.