തൃശൂര്‍ കുട്ടനെല്ലൂരില്‍ കാല്‍ലക്ഷം പേര്‍ക്കു തൊഴില്‍ ലഭിക്കുന്ന പദ്ധതി ചുവപ്പുനാടയില്‍ കുരുങ്ങിയിട്ട് പന്ത്രണ്ടു വര്‍ഷം. മലബാര്‍ ഗ്രൂപ്പിന്‍റെ ഇന്‍റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് പദ്ധതിയാണ് മുടങ്ങിയത്. ഹൈക്കോടതി ഉത്തരവിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി യാഥാര്‍ഥ്യമായില്ല.
മലബാര്‍ ഗ്രൂപ്പിന്‍റെ ഇരുപത്തിയൊന്നു ഏക്കര്‍ ഭൂമിയുണ്ട് തൃശൂര്‍ കുട്ടനെല്ലൂരിലാണ്. ദേശീയപാതയോരത്താണ് ഈ കണ്ണായ സ്ഥലം. ഇവിടെ ഐ.ടി. പാര്‍ക്ക്, ഹൈടെക് വ്യവസായം, അപ്പാര്‍ട്ട്മെന്‍റുകള്‍, ഷോപ്പിങ് മാള്‍, കണ്‍വന്‍ഷന്‍ സെന്‍റര്‍ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു പദ്ധതി. 2014ല്‍ അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ പദ്ധതിയ്ക്കു അനുമതി നല്‍കി. 2016ല്‍ ഏകജാലക ക്ലിയറന്‍സും ലഭിച്ചു. 2017 മുതല്‍ തടസങ്ങള്‍ ഉയര്‍ത്തി തുടങ്ങി. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഏകജാലക ബോര്‍ഡ് നാല്‍പതു തവണ റിവ്യൂ മീറ്റിങ് നടത്തി. ഇരുപത്തിയൊന്ന് ഏക്കറില്‍ രണ്ടര ഏക്കര്‍ മാത്രമാണ് ഡാറ്റ ബാങ്കിലുള്ളത്. ഇത് തരംമാറ്റാതെ നീര്‍ത്തടമായി നിലനിര്‍ത്തും. സര്‍ക്കാരിനു നയാപൈസ ചെലവില്ലാത കാല്‍ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കാന്‍ കഴിയുന്ന പദ്ധതി. കേരളത്തിലെ ഐ.ടി. പാര്‍ക്ക് വികസനത്തില്‍ മുഖ്യപങ്കുവഹിച്ച കെ.ജി.ഗിരീഷ് ബാബുവായിരുന്നു മലബാര്‍ പാര്‍ക്കിന്‍റേയും സി.ഇ.ഒ.. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക്, ഐ.ടി. ഇന്‍ഫ്രാസ്ട്രക്ടചര്‍ എം.ഡി എന്നീ പദവികള്‍ വഹിച്ച വിദഗ്ധനാണ് ഗിരീഷ് ബാബു.
കൊച്ചി, കോയമ്പത്തര്‍ ദേശീയപാതയോരത്തുള്ള പദ്ധതി പ്രദേശം എല്ലാക്കൊണ്ടും സൗകര്യമുള്ളതായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്ക് യാത്രയും ഏളുപ്പമാണ്. തൃശൂരിന്‍റെ വ്യവസായിക വളര്‍ച്ചയ്ക്കു സഹായിക്കുന്ന പദ്ധതി കൂടിയാണിത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ എല്ലാ അനുമതികളും പദ്ധതിയ്ക്കു ലഭിച്ചിരുന്നു.