vadaneppally-election-clash-kit-vote

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തൃശൂർ വാടാനപ്പള്ളിയിൽ 'വോട്ടിന് കിറ്റ്' ആരോപണത്തെച്ചൊല്ലി വൻ സംഘർഷം. ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ച നാലായിരത്തോളം ഭക്ഷ്യക്കിറ്റുകൾ പിടികൂടിയെന്ന യുഡിഎഫ്-എൽഡിഎഫ് ആരോപണമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെയും പ്രവർത്തകരെയും പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

വാടാനപ്പള്ളി തളിക്കുളത്തെ 'ചാമ്പ്യൻ ട്രേഡേഴ്സ്' എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ കിറ്റ് വിതരണം നടക്കുന്നു എന്ന വിവരത്തെത്തുടർന്ന് രാവിലെയാണ് യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഗോഡൗണിന് മുകളിലെ ഉടമയുടെ വീട്ടിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും നടനുമായ ദേവൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യം പ്രതിഷേധത്തിന്റെ ആക്കം കൂട്ടി. കിറ്റ് വിതരണം നിയന്ത്രിക്കാനാണ് നേതാക്കൾ എത്തിയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

മണിക്കൂറുകളോളം നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ സ്ഥലത്ത് അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിന്നത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ടി.എൻ. പ്രതാപൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും ടി.എൻ. പ്രതാപനെ ബലംപ്രയോഗിച്ച് പൊലീസ് ജീപ്പിലേക്ക് മാറ്റുകയുമായിരുന്നു.

അതേസമയം, ഗോഡൗൺ ഉടമ പ്രവീൺ ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ നടൻ ദേവനെ അറസ്റ്റ് ചെയ്യാൻ തെളിവില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിശദീകരണം. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ ബിജെപി നേതാക്കളുടെ പങ്കിനെക്കുറിച്ച് വ്യക്തത വരുത്തൂ എന്ന് പൊലീസ് അറിയിച്ചു.

ബിജെപിയുടെ 'ഡീൽ കിറ്റ്' രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. സ്ഥാനാർത്ഥിയെ പോലും അറസ്റ്റ് ചെയ്യുന്ന പൊലീസ് നടപടി ആർഎസ്എസ്-പൊലീസ് കൂട്ടുകെട്ടിന്റെ തെളിവാണെന്ന് ടി.എൻ. പ്രതാപൻ ആരോപിച്ചു. കിറ്റ് വിവാദവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് നടൻ ദേവൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപിയുമായി സഹകരിക്കുന്ന ഒരു കുടുംബത്തിന്റെ വീട്ടിൽ വിശ്രമിക്കാനും ചായ കുടിക്കാനുമാണ് താൻ എത്തിയതെന്നും, പരാജയഭീതി പൂണ്ട യുഡിഎഫിന്റെ നാടകമാണ് ഇതെന്നുമാണ് ബിജെപിയുടെ നിലപാട്. യുഡിഎഫിന്റെ ആരോപണം 'ചീറ്റിപ്പോയി' എന്ന് പരിഹസിച്ച് പ്ലാസ്റ്റിക് കിറ്റുകൾ ഉയർത്തിക്കാട്ടി ബിജെപി പ്രവർത്തകർ സ്ഥലത്ത് ആഹ്ലാദ പ്രകടനം നടത്തി. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാർട്ടികൾ പരാതി നൽകിയിട്ടുണ്ട്. 

ENGLISH SUMMARY:

Election kit controversy in VadaNappally, Thrissur, led to a major clash as UDF and LDF workers accused BJP of distributing food kits to voters. Police arrested UDF candidate TN Prathapan and workers amidst the escalating conflict, further intensifying the political tension.