തൃശൂര്‍ ചേലക്കരയിലെ വാഴക്കോട് പണി നിര്‍ത്തിയ ക്വാറിയില്‍ വന്‍തീപിടിത്തം. ജലനിധിയുടെ അറുപതു ലക്ഷത്തിന്‍റെ പൈപ്പുകള്‍ കത്തിനശിച്ചു. ശുദ്ധജല വിതരണത്തിനായി ജലനിധി വാങ്ങിയ പൈപ്പുകള്‍ സൂക്ഷിച്ചിരുന്നത് ക്വാറിയിലായിരുന്നു.
രാവിലെ പതിനൊന്നു മണിയോടെയായിരുന്നു നാടിനെ ആശങ്കയിലാഴ്ത്തിയ ഈ തീപിടിത്തം. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും നിലവിലെ പഞ്ചായത്തംഗവുമായ സലാമിന്‍റേതാണ് ക്വാറി. നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ജലനിധിയുടെ ശുദ്ധജല വിതരണ പദ്ധതിയ്ക്കായി കരാറുകാരന്‍ വാങ്ങിയ പൈപ്പുകള്‍ ക്വാറിയില്‍ സൂക്ഷിച്ചിരുന്നു. ഇതിനു പുറമെ, റോഡു നിര്‍മാണത്തിനുള്ള ടാറും സൂക്ഷിച്ചിരുന്നു. കരിഞ്ഞുണങ്ങിയ പുല്ലുകളില്‍ നിന്നാണ് തീ പടര്‍ന്നത്. പൈപ്പുകളിലേക്ക് തീ പടര്‍ന്നതോടെ അന്തീരക്ഷമാകെ കറുത്ത പുകപടലമായി. നാട്ടുകാര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. സംസ്ഥാനപാതയാണ് സമീപത്ത്. ഇതുവഴി പോയ വാഹനങ്ങളുടെ കാഴ്ചയും തടസപ്പെട്ടു. വടക്കാഞ്ചേരിയില്‍ നിന്നും ഷൊര്‍ണൂരില്‍ നിന്നുമായി അഗ്നിരക്ഷാ സേനയുടെ മൂന്നു യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് തീ നിയന്ത്രണവിധേയമായത്.
കുടിവെള്ള പൈപ്പുകള്‍ നശിച്ചതോടെ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലായി. കരാറുകാരന്‍റെ സാമ്പത്തിക നഷ്ടം നികത്തുക അപ്രായോഗികമാണ്