പോൾവാൾട്ട് താരം അമൽചിത്രയ്ക്ക് സ്വന്തമായി പോളില്ലെന്ന സങ്കടം ഇനി വേണ്ട. മനോരമ ന്യൂസ് വാർത്ത കണ്ട തൃശൂർ കലക്ടർ അർജുൻ പാണ്ഡ്യൻ, യൂണിയൻ ബാങ്ക് മുഖേന അമൽചിത്രയ്ക്ക് പോൾ നൽകി.
അമൽ ചിത്ര സങ്കടം പറഞ്ഞു. ആദ്യം ഇതു കേട്ടത് തൃശൂർ കലക്ടർ അർജുൻ പാണ്ഡ്യൻ. യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥരോട് കലക്ടർ കാര്യം പറഞ്ഞു. സി എസ് ആർ ഫണ്ടിൽ നിന്ന് ഒന്നര ലക്ഷം രൂപ അനുവദിച്ചു. യു.എസിൽ നിന്ന് പോൾ എത്തിച്ചു. യൂണിയൻ ബാങ്കിൽ നടന്ന ചടങ്ങിൽ പോൾ കൈമാറി. അമൽ ചിത്രയുടെ സങ്കടം പ്രേക്ഷകരുടെ മുമ്പിൽ എത്തിച്ച മനോരമ ന്യൂസ് ലേഖകൻ സാൻജോ ബേബിയെ കലക്ടർ അഭിനന്ദിച്ചു.
ദേശീയ പോൾവാൾട്ട് ചാംപ്യൻഷിപ്പിൽ മിന്നും പ്രകടനം നടത്താൻ സ്വന്തമായി പോൾ കിട്ടിയതിന്‍റെ സന്തോഷം അമൽ ചിത്ര പങ്കുവച്ചു. കായിക താരത്തിന്‍റെ മനസു നിറയാൻ കാരണമായതിന്‍റെ സന്തോഷത്തിലാണ് യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥർ. താണിക്കുടം സ്വദേശിയാണ് അമൽ ചിത്ര. ആംബുലൻസ് ഡ്രൈവറാണ് അച്‌ഛൻ. കുടുംബത്തിന്‍റെ പ്രതീക്ഷ കൂടിയുണ്ട് അമൽ ചിത്രയുടെ ചുമലിൽ. നല്ല പ്രകടനം കാഴ്ച വയ്ക്കാൻ കഴിയട്ടെ.