വൈക്കം മുഹമ്മദ് ബഷീറിന്‍റെ പത്ത് കഥകൾ ആസ്പദമാക്കിയ നാടകം അണ്ടര്‍ ദി മാങ്കോസ്റ്റീന്‍ ട്രീ രാജ്യാന്തര നാടകോത്സവത്തിന്‍റെ അരങ്ങിലെത്തി. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളിലേക്കും അദ്ദേഹത്തിന്‍റെ സൃഷ്ടികളിലേയ്ക്കും നാടകപ്രേമികളെ എത്തിച്ച രണ്ടു മണിക്കൂറുകളായിരുന്നു അത്.
ഇരുട്ടിന്‍റെ ഏകാന്തതയിൽ മിഴി ഒന്നണയ്ക്കാതെ നൂറ്റി ഇരുപതു മിനിറ്റുകൾ അരങ്ങിൽ വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മകൾ അയവിറക്കിയ നാടകം. സാഹിത്യത്തിലെ മനുഷ്യസ്‌നേഹി ബഷീർ എഴുതിയ പത്ത് കഥകൾ ഒരു വേദിയിലെത്തിയ അപൂർവ നിമിഷങ്ങളായിരുന്നു അത്. മാങ്കോസ്റ്റീന്‍ മരത്തണലില്‍ ബഷീര്‍ കഥകളുടെ മായാജാലം, നാടകത്തിന്റെ പേര് അണ്ടര്‍ ദി മാങ്കോസ്റ്റീന്‍ ട്രീ.
പ്രണയം, ഹാസ്യം, കാരുണ്യം തുടങ്ങിയ വികാരങ്ങളെ ഒരേസമയം മനുഷ്യമനസ്സിലേക്ക് എത്തിക്കാൻ നാടകത്തിനായി. മതിലിനാല്‍ വേര്‍തിരിക്കപ്പെട്ട കമിതാക്കളും, കുറ്റബോധത്തില്‍ വിലപിക്കുന്ന പട്ടാളക്കാരനും, അജ്ഞാതാവസ്ഥയില്‍ നിന്ന് അപൂര്‍വമായ പ്രശസ്തിയിലേക്കുയരുന്ന നീണ്ട മൂക്കുള്ള പുരുഷനും, എഴുത്തുകാരന്‍ പുതുതായി താമസം മാറിയ വീട്ടില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ പ്രേതവും, കാലക്രമേണ പ്രണയത്തില്‍ വേലിയേറ്റം സംഭവിച്ച ദമ്പതികളും തുടങ്ങി പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന വ്യത്യസ്ത ജീവതങ്ങളായിരുന്നു വേദിയിലൂടെ കടന്നുപൊയ് ക്കൊണ്ടിരുന്നത്. അവർ അരങ്ങില്‍ ജീവിച്ചു. രാജീവ് കൃഷ്ണൻ സംവിധാനം നിര്‍വഹിച്ച നാടകം സദസ്സിന് വേറിട്ട അനുഭവമായിരുന്നു. വേദിയിൽ പ്രകാശമായി ബഷീർ ഉണ്ടെന്നു തോന്നിച്ച അനുഭവം. . കാലം എന്നും ഓർമയിൽ സൂക്ഷിക്കുന്ന മഹാനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ..