വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഓര്‍മകളുടെ സ്മാരകമായ ആകാശമിഠായി നാടിന് സമര്‍പ്പിച്ചു. കോഴിക്കോട് ബേപ്പൂരില്‍ നടന്ന സ്മാരകത്തിന്‍റെ ഒന്നാംഘട്ട ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. രണ്ടാംഘട്ട പ്രവര്‍ത്തികള്‍ക്കായി 10 കോടി രൂപയാണ് അനുവദിച്ചത്.
ബഷീര്‍ തന്‍റെ തൂലികയില്‍ ചാലിച്ചെടുത്ത നാമം, ആകാശമിഠായി.. ആത്മകഥാംശമുള്ള രചനകള്‍കൊണ്ട് പ്രണയം മുതല്‍ വിപ്ലവം വരെ പറഞ്ഞുവച്ച സാഹിത്യകാരന്‍റെ ഓര്‍മ്മകളിവിടെ ജീവിക്കുന്നു. കോഴിക്കോട് കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുളള സ്ഥലത്ത് വിനോദസഞ്ചാരവകുപ്പിന്‍റെ നേതൃത്വത്തില്‍ 10.07 കോടി രൂപചെലവിലാണ് ആദ്യഘട്ടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ലിറ്ററേച്ചര്‍ കഫ്റ്റീരിയ, കമ്മ്യൂണിറ്റി ഹാള്‍, ഓപ്പണ്‍ സ്റ്റേജ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
ബഷീര്‍ ആര്‍ക്കൈവ്സ്, ബോര്‍ഡ് റൂം, ലൈബ്രറി, ഓഡിയോ– വിഷ്വല്‍ റൂം, വി ആര്‍ സ്പേസ് തുടങ്ങിയവയുടെ പ്രവൃത്തനങ്ങളാണ് രണ്ടാംഘട്ടത്തില്‍ നടക്കുക. ഇതിനായി 10 കോടി രൂപയുടെ ഭരണാനുമതിയാണ് ടൂറിസംവകുപ്പ് നല്‍കിയത്.