vaikom-karamanal-mining

കോട്ടയം വൈക്കത്ത് മണൽ ഖനനം ചെയ്ത കുഴികൾ ഒന്നരപ്പതിറ്റാണ്ടായിട്ടും നികത്താന്‍ നടപടിയില്ല. മറവന്‍തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലായി ഇരുപത് വലിയ മണൽ കുഴികളാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്. ജിയോളജി വകുപ്പിന്‍റെ അനുമതിയോടെ മണലെടുത്തവരാണ് നാട്ടുകാര്‍ക്ക് വാരിക്കുഴികള്‍ നല്‍കിയത്. 

2003 മുതൽ 2008 വരെയാണ് വൈക്കത്ത് മറവന്‍തുരുത്ത്, ഉദയനാപുരം ഗ്രാമപഞ്ചായത്തുകളിലായി യന്ത്രവൽകൃത കരമണല്‍ ഖനനം നടന്നത്. മണൽ വാരിയെ ശേഷം കുഴികൾ മൂടണം എന്ന വ്യവസ്ഥയോടെ ജിയോളജി വകുപ്പിന്‍റെ അനുമതിയോടെ നടന്ന കരമണൽ ഖനനമായിരുന്നു. ഭൂമി പാട്ടത്തിനെടുത്ത് മണലെടുത്തവര്‍ സ്ഥലം വിട്ടതോടെ പതിനെട്ടുവര്‍ഷമായി നാട്ടുകാര്‍ ദുരിതം അനുഭവിക്കുകയാണ്. 

വീടുകള്‍ക്ക് സമീപമുളള ആഴമേറിയ കുഴികള്‍ ഭീതിയിലാക്കുന്നു. കുട്ടികളുമായി പ്രദേശത്ത് താമസിക്കാന്‍ പറ്റാത്ത അവസ്ഥ. മണലുവാരിയവരും മണല്‍വാരാന്‍ അനുമതി നല്‍കിയ ജിയോളജി ഉദ്യോഗസ്ഥരുമാണ് സ്ഥലം ഉടമകളെ ഉള്‍പ്പെടെ ചതിച്ചത്. ചിലര്‍ കോടതിയെ സമീപിച്ചിട്ടും നടപടിയില്ല. പടിഞ്ഞാറേക്കര വടക്കേടത്ത് അജു പൗലോസിന്റെ വീടിനോട് ചേർന്നുള്ള കുഴി നാലുമാസത്തിനകം മൂടണമെന്ന് 2019 ൽ ഹൈക്കോടതി ഉത്തരവിട്ടതാണ്. അജുവും കുടുംബവും കലക്ടര്‍ക്ക് വരെ പരാതി കൊടുത്തിട്ടും ഫലമില്ല. വെച്ചൂർ സ്വദേശിയായ ഒരാളാണ് പ്രദേശത്ത് മണൽഖനത്തിന് ലൈസൻസ് എടുത്തിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.  ഇയാളെ കണ്ടെത്തി കുഴികള്‍ നികത്തിയെടുക്കാന്‍ ജിയോളജി ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

Residents of Maravanthuruthu and Udayanapuram panchayats in Vaikom are living in fear due to 20 massive sand pits left uncovered for over 15 years. Mechanical sand mining was carried out between 2003 and 2008 with permission from the Geology Department, under the condition that the pits would be refilled. However, the contractors abandoned the sites, leaving behind deep death traps. Despite a 2019 High Court order to refill specific pits near residential areas, authorities including the District Collector have allegedly failed to take action. Locals demand that the Geology Department track down the licensees and ensure the safety of the community.