പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് തൃശൂരിൽ തിരശ്ശീല ഉയർന്നു. ഒന്‍പത് വിദേശ നാടകങ്ങൾ അടക്കം 23 നാടകങ്ങൾ വിവിധ വേദികളിൽ അരങ്ങേറും. ഉദ്ഘാടന നാടകത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
അർജെൻ്റീനിയയിൽ നിന്നുള്ള ഫ്രാങ്കെൻസ്‌റ്റൈൻ പ്രൊജക്ട് എന്ന നാടകം കാണികൾക്ക് മികച്ച വിരുന്നൊരുക്കി. സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ഏറ്റുമുട്ടൽ പ്രമേയമായുള്ള ഈ നാടകം പപ്പറ്റ് തിയേറ്ററിൻ്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി. വിഖ്യാത എഴുത്തുകാരി മേരി ഷെല്ലിയുടെ ഫ്രാങ്കെന്‍സ്റ്റൈന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി റോമാന്‍ ലമാസാണ് നാടകം സംവിധാനം ചെയ്തത്.നോവലിലെ കഥയെ അര്‍ജന്റീനന്‍ സാംസ്‌കാരിക ഭൂമികയുടെ പശ്ചാത്തലത്തില്‍ വ്യാഖ്യാനം ചെയ്യുന്ന ഈ നാടകം നിരവധി മിത്തുകളുകളിലേക്കുള്ള മിഴിതുറക്കല്‍ കൂടിയാണെന്ന് നാടക പ്രേമികൾ അഭിപ്രായപ്പെട്ടു.
ഉദ്ഘാടന സമ്മേളനം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ വീണ്ടും നാടകങ്ങളുടെയും സംവാദങ്ങളുടെയും ലോകത്തേക്ക് ഉണരുമ്പോള്‍ സാംസ്കാരിക നഗരി വേറൊരു വൈബിലാകും.