ഏഷ്യയിലെ ഏറ്റവും ശരീരഭാരമുള്ള ആന ഗുരുവായൂർ നന്ദന് പാദ രോഗം. കൊമ്പന്‍റെ രണ്ടു മുൻകാലുകളിലാണ് രോഗം ബാധിച്ചിരിക്കുന്നത്. ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ തുടരുകയാണ്.
ഭാരത്തിൽ ഗുരുവായൂർ നന്ദനോട് മുട്ടിനിൽക്കാൻ കഴിയുന്ന ആനകൾ കേരളത്തിൽ കുറവാണ്. തൃശൂർ പൂരത്തിന് പാറമേക്കാവിന്‍റെ കോലം എഴുന്നള്ളിച്ചുകൊണ്ടുള്ള കൊമ്പൻ നന്ദന്‍റെ ഒരു ഒന്നൊന്നര വരവുണ്ട്. കണ്ടു നിൽക്കാൻ പ്രത്യേക അഴകാണ്. ആനപ്രേമികളുടെ ഹൃദയത്തിൽ ഇടംപിടിച്ച കൊമ്പനിന്ന് പാദരോഗത്തിന്‍റെ പിടിയിലാണ്. ഗജവീരന്‍റെ രണ്ട് മുൻകാലുകളിലാണ് രോഗം ബാധിച്ചിരിക്കുന്നത്. നിലവിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ തുടരുകയാണ്.
ഡിസംബർ പകുതിയോടെയാണ് നന്ദനെ നീരുകാലം കഴിഞ്ഞ് അഴിച്ചത്. എന്നാൽ നീരിൽ തളക്കുന്നതിന് മുൻപ് തന്നെ പാദരോഗത്തിന്‍റെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതേ തുടർന്ന് പ്രാഥമിക ചികിത്സകൾ നൽകിയ ശേഷമാണ് മദപ്പാടിൽ തളച്ചിരുന്നത്. ഇപ്പോൾ നീരൊഴിഞ്ഞ് പുറത്തിറക്കിയ നന്ദനെ ഡോക്ടർമാർ ദിവസവും പരിശോധിക്കുന്നുണ്ട്. വിദഗ്ദ്ധ ചികിത്സയെത്തുടർന്ന് കൊമ്പന് പിടിപെട്ട രോഗത്തിന് നേരിയ ശമനം ഉണ്ടെങ്കിലും പൂർണ്ണം ആരോഗ്യസ്ഥിതി കൈവന്നിട്ടില്ല.
ലക്ഷണമൊത്ത ശരീരഭംഗിയും ശാന്തസ്വഭാവവും കൊണ്ട് ലക്ഷക്കണക്കിന് ആരാധകരുള്ള ആനയാണ് നന്ദൻ. വരാനിരിക്കുന്ന തൃശൂർ പൂരത്തിന് നന്ദനെ എഴുന്നള്ളിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം അധികൃതരും ആനപ്രേമികളും.