ബി.ജെ.പി. ഭരിച്ചിരുന്ന തൃശൂര്‍ അവിണിശേരി പഞ്ചായത്തില്‍ ഇനി ഭരണം തുടരാന്‍ ഭാഗ്യം കൂടി കനിയണം. കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും ഏഴു സീറ്റുകള്‍ വീതമാണ്. ഇനി, രണ്ടു സീറ്റുള്ള സി.പി.എം. പിന്തുണച്ചാല്‍ കോണ്‍ഗ്രസ് ഭരണം പിടിക്കും.
തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഭരണം പിടിച്ച ഏക പഞ്ചായത്തായിരുന്നു അവിണിശേരി. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെ ബി.ജെ.പിയുടെ പ്രധാന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിട്ടും അവിണിശേരി പഞ്ചായത്തില്‍ വ്യക്തമായ മേധാവിത്വം തുടരാന്‍ ബി.ജെ.പിയ്ക്കു കഴിഞ്ഞില്ല. ഏഴു സീറ്റുകള്‍ വീതം നേടി ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. എല്‍.ഡി.എഫിനാകട്ടെ രണ്ടു സീറ്റും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റായിരുന്നു ബി.ജെ.പി. ഇക്കുറി, അത് ഒരു സീറ്റ് വര്‍ധിപ്പിച്ചു. എല്‍.ഡി.എഫിനാകട്ടെ അഞ്ചു സീറ്റുകളായിരുന്നു. അത്, രണ്ടായി ചുരുങ്ങി. മൂന്നു സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഏഴായി വര്‍ധിപ്പിച്ചു. നിലവില്‍ ഇക്കുറി രണ്ടു വാര്‍ഡുകള്‍ കൂടിയിരുന്നു. ഇന്ത്യ സഖ്യം പഞ്ചായത്തുതലത്തില്‍ നടപ്പാക്കിയാല്‍ ബി.ജെ.പിയ്ക്കു അവിണിശേരിയില്‍ ഭരണം നഷ്ടപ്പെടും.