തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്ത് ഭരണസമിതിയെ പാഠംപഠിപ്പിക്കാന്‍ ഇറങ്ങിയ വ്ളോഗര്‍ അതുല്‍ കൃഷ്ണയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റിന്‍റേയും ഭരണസമിതിയെ അനുകൂലിക്കുന്ന വ്ളോഗറുടേയും ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.
കോണ്‍ക്രീറ്റ് കട്ട കമ്പനി ചട്ടംപാലിക്കാതെ നടത്തിയതിന്‍റെ പേരില്‍ പഞ്ചായത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് വ്ളോഗറായതാണ് അതുല്‍ കൃഷ്ണ. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി വിബിയെ വിമര്‍ശിച്ച് നിരന്തരം വീഡിയോകള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതിയില്‍ കേസെടുത്തിരുന്നു. പൊലീസിന് എതിരെയും അതുല്‍ കൃഷ്ണ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ്, ഇടുക്കി സ്വദേശിയായ യുവാവിന്‍റെ പരാതിയില്‍ അതുലിനെതിരെ വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തത്. പഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി വിബി, വ്ളോഗര്‍ ബിജു പവിത്ര എന്നിവരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നായിരുന്നു ഇടുക്കി സ്വദേശിയുടെ പരാതി. ഇതിനായി, 39,500 രൂപ കൈമാറിയെന്നും പരാതിയില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതോടെ അതുല്‍ ഹൈക്കോടതിയെ സമീപിച്ചു. ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
പഞ്ചായത്തു ഭരണസമിതിയെ അനുകൂലിച്ച് നവമാധ്യമങ്ങളില്‍ വീഡിയോ ചെയ്യുന്ന വ്ളോഗര്‍ ബിജു പവിത്രയും അന്വേഷണം ആവശ്യപ്പെട്ടു. ഇതിനിടെ, അതുല്‍ ഒരേകുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതായി കാട്ടി പൊലീസ് ആര്‍.ഡി.ഒ. കോടതിയില്‍ പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, തന്നെ കേസില്‍ കുടുക്കാന്‍ പഞ്ചായത്ത് ഭരണസമിതിയും കൂട്ടരും ആസൂത്രിത ശ്രമം നടത്തുന്നതായി അതുല്‍ ആരോപിച്ചു. നിയമപരമായി നേരിടുമെന്നും അതുല്‍ പറഞ്ഞു.