കല്‍ദായ സുറിയാനി സഭയുടെ മുതിര്‍ന്ന മെത്രാപ്പൊലീത്ത ഡോക്ടര്‍ മാര്‍ അപ്രേമിന്‍റെ സംസ്കാരം മറ്റന്നാള്‍. ഇന്നും നാളെയും മാര്‍ത്ത് മറിയം വലിയ പള്ളിയില്‍ പൊതുദര്‍ശനം തുടരും.
ഡോക്ടര്‍ മാര്‍ അപ്രേം കല്‍ദായ സുറിയാനിസഭയെ നയിച്ചത് അന്‍പത്തിയേഴു വര്‍ഷം. ക്രിസ്തീയ സഭയെ ഇത്രയും കാലം നയിച്ച മറ്റൊരു ഇടയനുണ്ടാകില്ല. 64 വര്‍ഷത്തെ പൗരോഹിത്യ ജീവിതം. ആത്മീയ സഞ്ചാരിയെന്ന പേരില്‍ ആത്മകഥ പുറത്തിറക്കിയത് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. മത സാംസ്കാരിക സാമൂഹിക മേഖലകളിൽ സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച ഇടയനായിരുന്നു മാര്‍ അപ്രേം. ദീര്‍ഘനാള്‍ നീണ്ട അജപാലനദൗത്യത്തിനു ശേഷം മാര്‍ ഔഗിന്‍ കുര്യാക്കോസിനെ ചുമതല ഏല്‍പിച്ചാണ് പടിയിറങ്ങിയത്.
ഓരോ ജന്മദിനത്തിലും ഒരു ഗ്രന്ഥം വീതം പ്രസിദ്ധീകരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ്, എഴുപത്തിയെട്ടു പുസ്തകങ്ങള്‍ രചിക്കപ്പെട്ടത്. ഒട്ടേറെ ക്രിസ്തീയ ഗാനങ്ങൾ രചിച്ചു. "കാൽവരി ക്രൂശേ നോക്കി ഞാൻ" എന്ന ഗാനം 101 ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്.