മലങ്കര ഓർത്തഡോക്സ് സഭയിലേക്ക് നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിന് മുളന്തുരുത്തിയിൽ ഒരുക്കങ്ങൾ തുടങ്ങി. ഓഗസ്റ്റ് 27 ന് നടക്കുന്ന മഹാസംഗമത്തിന് മുന്നോടിയായി സ്വാഗതസംഘം ഓഫീസിന്‍റെ ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിച്ചു.
മുളന്തുരുത്തി സുന്നഹദോസിന്‍റെയും പരിശുദ്ധ പരുമല തിരുമേനിയുടെ മെത്രാൻ സ്ഥാനാരോഹണത്തിന്‍റെയും 150-ാം വാർഷിക വേളയിലാണ് ഈ അസോസിയേഷൻ നടക്കുന്നത് എന്നത് ഏറെ ശ്രദ്ധേയം. പരുമല തിരുമേനിയുടെ സന്യാസ ജീവിതത്തിന് തുടക്കം കുറിച്ച വെട്ടിക്കൽ സെന്‍റ് തോമസ് ദയറായിലെ മാർ ഗ്രിഗോറിയോസ് നഗർ ആണ് ഈ ചരിത്ര സംഗമത്തിന് വേദിയാകുന്നത്.
1876-ൽ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ അധ്യക്ഷതയിൽ ചേർന്ന മുളന്തുരുത്തി സുന്നഹദോസാണ് സഭയുടെ ജനാധിപത്യ സംവിധാനങ്ങൾക്ക് അടിത്തറയിട്ടത്. ആ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് പൂർണ്ണമായും ജനാധിപത്യ രീതിയിൽ ബാലറ്റിലൂടെ പുതിയ മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 4000 പ്രതിനിധികളാണ് അന്ന് മുളന്തുരുത്തിയിലേക്ക് ഒഴുകിയെത്തുക.