തൃശൂർ ജില്ലയിൽ ദേശീയപാത 544 ലെ അടിപ്പാതകൾ നിർമിക്കാൻ തുടങ്ങിയ അന്നുമുതൽ നാട്ടുകാരുടെ ദുരിതത്തിനും തുടക്കമായി. രണ്ടും അവസാനിപ്പിക്കേണ്ട അധികൃതർക്കാകട്ടെ മിണ്ടാട്ടവുമില്ല. ജില്ലയിൽ മറ്റു സ്ഥലങ്ങളിൽനിന്ന് വ്യത്യസ്തമാണ് പേരാമ്പ്ര റോഡിലെ സ്ഥിതി. എന്തായിരിക്കാം അവിടെ കുഴപ്പം? നോക്കാം.
ദോഷം പറയാൻ പാടില്ല. അടിപ്പാതകളിൽ മാന്യൻ പേരാമ്പ്ര പാതയാണ്. സർവീസ് റോഡ് നീറ്റ്. മറ്റുള്ള സ്ഥലങ്ങളിലുള്ളതുപോലെ കുണ്ടും കുഴിയുമില്ല. കേൾക്കുമ്പോൾ വിചിത്രമായി തോന്നാം.
ദേശീയപാത അധികൃതർ മാനസാന്തരപ്പെട്ട് ചെയ്ത വർക്ക് ആകാൻ സാധ്യതയുണ്ട്. പറഞ്ഞിട്ട് കാര്യമില്ല. പേരാമ്പ്ര അടിപ്പാതയുടെ ചേട്ടനും അനിയനും ആയ മുരിങ്ങൂരും ആമ്പല്ലൂരുമാണ് ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. അതായത് അവിടങ്ങളിലെ കുരുക്ക് ഇവിടം വരെ നീളും. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നവർക്കാണ് പേരാമ്പ്ര പലപ്പോഴും പണി കൊടുക്കാറുള്ളത്. അതാകട്ടെ മറ്റു സ്ഥലങ്ങളിൽനിന്ന് ഇങ്ങോട്ടു നീണ്ടുവരുന്ന പണിയാണ്.
പേരാമ്പ്ര അടിപ്പാതയും ദുരിതം സമ്മാനിക്കുന്നതിൽ ഒട്ടും പിന്നിലല്ല. സുരക്ഷാക്രമീകരണങ്ങൾ സർവീസ് റോഡിൽ എങ്ങും തന്നെ ഇല്ല. മഴപെയ്താൽ വീടുകളിൽ വെള്ളം കയറും. എന്തു പറയാനാണ് ഒന്ന് ശരിയായാൽ മറ്റൊന്ന് ശരിയാകില്ല, പണി നടന്നുകൊണ്ടിരിക്കുന്ന അടിപ്പാതയെ കുറിച്ചും നല്ലത് പറയാനുള്ള ഭാഗ്യമില്ല. പേരാമ്പ്ര മാന്യൻ തന്നെ എന്നാൽ ഇനി കാണാനുള്ള ആമ്പല്ലൂർ കുഴികളുടെ കേമനാണ്.