തൃശൂർ ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയപാത 544 ന്‍റെ സ്ഥിതി കഷ്ടമാണ്. കടന്നുപോയാൽ പെട്ടുപോകുമെന്ന് ഉറപ്പ്. ഇതിലെ സഞ്ചരിക്കുന്നവർ യാത്രയുടെ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് മുരിങ്ങൂരാണ്. അവിടുത്തെ സ്ഥിതി എങ്ങനെയാണെന്ന് നോക്കാം.
ക്ലെച്ച് ചവിട്ടി ഫസ്റ്റ് ഗിയറിട്ട് വണ്ടിയെടുത്തു. സമയം 10;03, മുരിങ്ങൂർ എത്താൻ ഇനി അധിക സമയം എടുക്കില്ല. കൂടിപ്പോയാൽ 500 മീറ്റർ. കൂട്ടത്തിലേറ്റവും കുരുക്ക് അനുഭവപ്പെടുന്ന മുരിങ്ങൂർ എത്തി. സമയം 10: 08. അധികം തിരക്ക് വരാത്ത സമയമാണ്. സുഗമമായി മൂന്നു വരി വന്ന വാഹനങ്ങൾ ഒറ്റ വരിയായി സർവീസ് റോഡിലേക്ക് കയറി. റോഡിൽ കുഴിയൊക്കെ അത്യാവശ്യത്തിലേറെയുണ്ട്. വലിയ ലോറികൾ കൂടി കൂട്ടത്തിൽ കൂടിയതോടെ ബ്ലോക്ക് കളർ ആയി.
നാട്ടുകാർ പറയുന്നതനുസരിച്ച് ബ്ലോക്ക് കുറവുള്ള സമയമായതിനാൽ അധികം സമയം എടുത്തില്ല . 10: 22 ആയപ്പോൾ മുരിങ്ങൂരിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെട്ടു. ചില ദിവസങ്ങളിൽ മാത്രം നടക്കുന്ന അപൂർവ പ്രതിഭാസമാണ് ഇത്. അല്ലെങ്കിൽ മണിക്കൂറുകൾ ഈ കുരുക്കിൽ കിടക്കേണ്ടി വന്നേനെ. ഇന്നലെ ഇതേ കുരുക്കിലൂടെ കടന്നുപോകാൻ വേണ്ടിവന്നത് ഒരു മണിക്കൂർ മുരിങ്ങൂരിലെ പ്രധാന പ്രശ്നം സർവീസ് റോഡിലെ കുഴികളാണ്. അടിപ്പാത നിർമ്മാണത്തിന്റെ കാര്യം പറയേണ്ട കാര്യമില്ല. ഇഴച്ചിലോട് ഇഴച്ചിലാണ്. അടിപ്പാത നിർമാണം നടക്കുന്ന രണ്ടു സ്ഥലങ്ങളാണ് പേരാമ്പ്രയും, ആമ്പല്ലൂരും. മറ്റു സ്ഥലങ്ങളെപ്പോലെയല്ല, ഇവിടെ കാര്യങ്ങൾ അല്പം കുറെ വ്യത്യസ്തമാണ്.