തൃശൂര്‍ നെട്ടിശേരി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ വേണ്ടത്ര ആനകളില്ലാതെ പൂരം മുടങ്ങിയതില്‍ ഭക്തരുടെ പ്രതിഷേധം തുടരുന്നു. ആനകളെ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.
തൃശൂര്‍ നെട്ടിശേരി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഏപ്രില്‍ പതിനൊന്നിനായിരുന്നു പൂരം മുടങ്ങിയത്. 1443 വര്‍ഷം പഴക്കമുള്ള പൂരം. പെരുവനം, ആറാട്ടുപുഴ പൂരത്തിന്‍റെ പങ്കാളികള്‍. അഞ്ചാനപ്പുറത്തെ പ്രൗഢഗംഭീരമായ കൂട്ടിയെഴുന്നള്ളിപ്പാണ് മുടങ്ങിയത്. ഇത്തവണ കിട്ടിയത് മൂന്നാനകളെ മാത്രം.
ചരിത്രത്തില്‍ ആദ്യമായി പൂരം മുടങ്ങിയതിന്‍റെ വിഷമത്തിലായിരുന്നു ഭക്തര്‍. കൊച്ചിന്‍ ദേവസ്വംബോര്‍ഡ് അന്വേഷണം നടത്തി. പക്ഷേ, റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടി ഉണ്ടായില്ല. ബോര്‍ഡ് സെക്രട്ടറിയ്ക്കും ഡപ്യൂട്ടി കമ്മിഷണര്‍ക്കും എതിരെയാണ് ഭക്തരുടെ ആക്ഷേപം. ദേവസ്വം ബോര്‍ഡ് ഓഫിസിനു മുമ്പില്‍ വഴിതടസപ്പെടുത്തി പ്രതിഷേധിച്ചതിന് സെക്രട്ടറിയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഇത് കള്ളക്കേസാണെന്ന് തെളിയിക്കാന്‍ ദൃശ്യങ്ങള്‍ സഹിതം ഭക്തര്‍ പൊലീസിന് മറ്റൊരു പരാതി നല്‍കി.
അഞ്ചാനകള്‍ പൂരത്തിന് വേണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി അറിവുള്ളതാണ്. ഉത്തരവാദപ്പെട്ട അസിസ്റ്റന്‍റ് കമ്മിഷണറാകട്ടെ സ്ഥലത്തുണ്ടായതുമില്ല. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ബോര്‍ഡ് നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഭക്തരുടെ തീരുമാനം.