ദാവീദിന്റെ കിന്നരം മുതല്‍ പാണന്റെ നന്തുണി വരെ ലോകത്തിന്റെ പലകോണുകളില്‍ നിന്നുള്ള സംഗീതഉപകരണങ്ങള്‍. പലതിന്റെയും വാദകരായി വിദ്യാര്‍ഥികള്‍. അംബൂരി സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്കൂളിലെ ലോക സംഗീതദിനാഘോഷം അങ്ങനെ വാദ്യങ്ങളുടെ ലോകസംഗമവേദിയായി.
സംഗീതദിനാഘോഷം അറിവും അനുഭവവുമായ അംബൂരി സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ കഥയാണിത്. ഈണവും താളവും തോരണങ്ങളായ ആഘോഷവേദി. പാഠ്യപദ്ധതിയിലെ സൂത്രവാക്യങ്ങളെപ്പോലെ വാദ്യങ്ങളെ കൈപ്പിടിയിലാക്കുന്ന ജാലവിദ്യയും വശമാക്കിയ ഒരുപറ്റം വിദ്യാര്‍ഥികള്‍ ആ ആഘോഷവേദിയെ അര്‍ത്ഥപൂര്‍ണമാക്കി.. വീണ,വയലിൻ,ഹാർമോണിയം,ഗിറ്റാര്‍, കീബോര്‍ഡ്, ഡ്രംസ്,ബാന്റ്,ചെണ്ട... അങ്ങനെ കൊട്ടായും, സുഷിരമായും തന്ത്രിയായും ചുറ്റുവട്ടത്ത് താളലയങ്ങള്‍ തീര്‍ത്ത സംഗീതോപകരണങ്ങള്‍ വിദ്യാലയാങ്കണത്തില്‍ ഒന്നിച്ചുകേട്ടു. തീര്‍ന്നില്ല... അറിവനുഭവങ്ങളുടെ കൗതുകങ്ങള്‍ തീര്‍ത്ത് തലമുറകളെ താളംപിടിപ്പിച്ച പഴയ വാദ്യങ്ങളുടെ ശ്രേണി അണിനിരന്ന പ്രദര്‍ശനം. നന്തുണി, മകുടി, പുളളുവൻവീണ, പുള്ളുവക്കുടം, തുടി, നാദസ്വരം, വടിച്ചിലമ്പ്, ഡമരു, ജാലറ, ഗഞ്ചിറ, കാഹളം, കിങ്ങിണിഅരിവ, ഓണവില്ല് എന്നിങ്ങനെ കേരളീയവാദ്യങ്ങള്‍.. ബംഗാളിലെ ബാവുൾ സംഗീതത്തിലെ ഏകതാരി, ഹിന്ദുസ്ഥാനി സംഗീതത്തിലെ ഷഹനായ്,സാരംഗി, ആഫ്രിക്കന്‍ നാടൻതാള ഉപകരണമായ കുക്കു, അതിപുരാതനകാല യൂറോപ്യൻ സംഗീതോപകരണമായ ദാവീദിന്റെ കിന്നരം, മഴയിരമ്പമുതിര്‍ക്കുന്ന മഴമൂളി, കടലിരമ്പം കേള്‍പ്പിക്കുന്ന സീഡ് ഡ്രം എന്നിങ്ങനെ അന്‍പതോളം സംഗീതോപകരണങ്ങള്‍ പ്രദര്‍ശനവേദിയെ സംസ്കാരവൈവിധ്യം കൊണ്ട് നിറച്ചു.. ഓരോന്നിനെക്കുറിച്ചും പഠിച്ച് വിവരിച്ച് നല്‍കിയതും വിദ്യാര്‍ഥികള്‍ തന്നെ. സംഗീതോപകരണങ്ങളുടെ ചിത്രപ്രദര്‍ശനവും ആഘോഷത്തിന്റെ മാറ്റുകൂട്ടി. സ്കൂള്‍ മാനേജര്‍ ഫാ.സോണി കരുവേലിലിന്റെ അധ്യക്ഷതയില്‍ നടന്ന സംഗീതദിനാഘോഷങ്ങള്‍ കേരള സംഗീതനാടകഅക്കാദമി ഉപാധ്യക്ഷ പുഷ്പാവതി പൊയ്പ്പാടത്ത് ഉദ്ഘാടനം ചെയ്തു.