മ്ലാവിറച്ചിയെന്ന പേരിൽ തൃശൂർ മുപ്ലിയം വനം ഉദ്യോഗസ്ഥർ പിടികൂടിയത് പോത്തിറച്ചി. രണ്ടു നിരപരാധികൾ ജയിലിൽ കിടന്നത് മുപ്പത്തിയഞ്ചു ദിവസം.
ഈ യുവാവിന്‍റെ കണ്ണീരിന് വനം വകുപ്പ് ഉദ്യോഗസ്ഥർ മറുപടി പറയണം. ചാലക്കുടി മേച്ചിറ സ്വദേശിയാണ് സുജേഷ്. ചുമട്ടു തൊഴിലാളി . മ്ലാവിറച്ചി നൽകിയെന്ന് പറഞ്ഞ് വനം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ഒക്ടോബറിൽ . സുജേഷും സുഹൃത്ത് ജോബിയും അറസ്റ്റിലായി 35 ദിവസം ജയിലിൽ കിടന്നു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ ശേഷം സുജേഷിന്‍റെ ജീവിതം തകർന്നു . ഭാര്യ വിവാഹമോചനം നേടി . രണ്ടു മക്കളുണ്ട്. പിന്നെ അച്ഛനും അമ്മയും. ഈ കുടുംബത്തിൻറെ അത്താണിയാണ് കള്ളക്കേസിൽ കുടുങ്ങിയത്
മ്ലാവിറച്ചിയല്ലെന്ന് ഫൊറൻസിക് ലാബിൽ നിന്ന് ഫലം വന്നു. നിലവിലെ കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കും. പിടികൂടിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി തുടരും. മ്ലാവിറച്ചിയാണെന്ന് പറഞ്ഞ് യുവാക്കൾ നടത്തിയ വാട്സാപ്പ് സംഭാഷണം ഉണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വന്യജീവി സംരക്ഷണ നിയപ്രകാരം ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത് അപ്പോൾ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഫൊറൻസിക് ലാബിലെ ഫലം വൈകാറുണ്ട്.
വ്യാജ ലഹരിക്കേസിൽ കുടുങ്ങിയ ഷീല സണ്ണി , എംഡിഎംഎയ്ക്കു പകരം കൽക്കണ്ടം വച്ച കള്ളക്കേസ്. നിരപരാധികളുടെ പട്ടികയിലേക്ക് ഇതാ മ്ലാവിറച്ചി കേസിലെ രണ്ടു യുവാക്കളും .